മൽസരിക്കുന്നത് നേതാക്കളാണെങ്കിലും വിജയം തീരുമാനിക്കുന്നത് ജനങ്ങളാണ്. വെല്ലുവിളിക്കുമ്പോൾ നേതാക്കളായാലും ഇതൊന്നോർക്കുന്നത് നല്ലത്. തിരഞ്ഞെടുപ്പാകുമ്പോള്‍ മല്‍സരിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും അതിരുകടന്ന ആത്മവിശ്വാസം. ആരും തോല്‍ക്കാനല്ലല്ലോ മല്‍സരത്തിനിറങ്ങുന്നത്. അതിനൊന്നും തര്‍ക്കമില്ല. പക്ഷേ കണ്ണുമടച്ച് വാത് വയ്ക്കുകയും എതിര്‍ സ്ഥാനാര്‍ഥിയെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ പലപ്പോഴും മറന്നുപോകുന്നത് ജനങ്ങളെയാണ്.
ഇക്കുറി രാഷ്ട്രീയകേരളം ഏറ്റവും കൗതുകത്തോടെ കേട്ടൊരു വായുവയ്പ്പുണ്ട്. അത് കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. ബേപ്പൂരില്‍ തോറ്റാല്‍ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന പി.വി.അന്‍വറിന്‍റെ വെല്ലുവിളിയാണ് അത്. ബെറ്റില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസിന് ഇനിയും സമയമുണ്ടെന്നും വിധിയറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും അന്‍വര്‍ ആവര്‍ത്തിച്ചു . എന്തായാലും അന്‍വറിന്‍റെ വെല്ലുവിളിക്ക് രാഷ്ട്രീയം ഗുസ്തിയല്ലെന്ന് മറുപടി പറഞ്ഞ മുഹമ്മദ് റിയാസ് എല്‍ഡിഎഫിന് മൊത്തത്തിലേറ്റ കനത്ത പ്രഹരത്തിനിടയിലും ബേപ്പൂരിലെ ഗുസ്തിയില്‍ ജയിച്ചുകയറി. ഇനിയിപ്പോള്‍ അൻവർ മൊട്ടയടിച്ച് കടുക്കൻ വാങ്ങാൻ മിഠായി തെരുവിലേക്ക് പേകുമോ എന്നാണ് കാണേണ്ടത്.
കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം പിറക്കുമെന്നായിരുന്നു പി സി ജോര്‍ജ് കണ്ട വലിയ സ്വപ്നം. സ്വപ്നം കാണുന്നതൊന്നും ഒരു തെറ്റല്ല, പക്ഷേ ഒരുപടി കൂടി കടന്ന് പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതില്‍ ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും അങ്ങ് വെല്ലുവിളിച്ചുകളഞ്ഞു ജോര്‍ജ്. എന്തായാലും പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച മകന്‍ ഷോൺ ജോര്‍ജും തോല്‍വിയുടെ കയ്പ്പറിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്തുതന്നെ.
ആത്മവിശ്വാസം ആരുടെയും കുത്തകയൊന്നുമല്ല. യു.ഡി.എഫിന്റെ കോട്ടയായ തൃക്കാക്കരയിൽ ഇത്തവണ വിജയം ഉറപ്പെന്നായിരുന്നു എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ ഉറച്ച ആത്മവിശ്വാസം. ബി.ജെ.പി വോട്ടുകൾ മാത്രം 25,000ത്തിന് മുകളിൽ തനിക്ക് ലഭിക്കുമെന്നും തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കുമെന്നും ഉമാ തോമസ് മൂന്നാമതെത്തിയാലും അത്ഭുതപ്പെടാനില്ലെന്നുമൊക്കെ വെല്ലുവിളിച്ചു മാരാര്‍. എന്നാല്‍ എണ്‍പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ കൊണ്ട് ഉമാ തോമസ് ആ വെല്ലുവിളിക്ക് ഉത്തരം പറഞ്ഞു. മണ്ഡലത്തില്‍ ട്വന്‍റി ട്വന്‍റി മൂന്നാമതാണ്.
വാതുവയ്പ്പുകളിലും വെല്ലുവിളികളിലും കുറച്ചധികം ജനകീയത കാണിച്ചത് മുസ്ലിം ലീഗാണ്! തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്.ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ വിദേശയാത്രയായിരുന്നു മുസ്‍ലീം ലീഗ് നേതാവ് സി.പി. ബാവ ഹാജിയുടെ ഓഫര്‍. ചലഞ്ച് ആരെങ്കിലും ഏറ്റെടുത്തോ എന്നറിയില്ല, എതായാലും ചരിത്രം തിരുത്തിക്കുറിച്ചാണ് തവനൂരിന്‍റെ മണ്ണില്‍ വി.എസ്.ജോയിയുടെ ജയം. അറിഞ്ഞതും അറിയാത്തതുമായി ചെറുതും വലുതുമായ വെല്ലുവിളികളും വാതുവയ്പ്പുകളും അങ്ങനെ പലതുമുണ്ടായിക്കാണും. ആര് എന്ത് പറഞ്ഞതാലും അന്തിമവിധി, അത് ജനത്തിന്‍റേതാണ്. ജനം അത് തെറ്റാതെ കുറിച്ചുകഴിഞ്ഞു.