ബി.ജെ.പി അക്കൗണ്ട് തുറന്ന മൂന്ന് സീറ്റുകളും എല്‍.ഡി.എഫിന്‍റെ സിറ്റിങ് സീറ്റുകള്‍. ഇവിടങ്ങളിലെല്ലാം എല്‍.ഡി.എഫ് വോട്ട് വന്‍തോതില്‍ കുറഞ്ഞത് ബി.ജെ.പി വിജയത്തിന് കാരണമാവുകയും ചെയ്തു. അതേസമയം യു.ഡി.എഫുമായി നേരിട്ടേറ്റു മുട്ടിയ ബി.ജെ.പിയുടെ എ ക്ളാസ് സീറ്റുകളില്‍ യു.ഡി.എഫിന് വോട്ട് കൂടുകയും ചെയ്തു.
2021ല്‍ പൂട്ടിയ ഒരു അക്കൗണ്ടിന് പകരം മൂന്ന് അക്കൗണ്ട്. അതാണ് 2026ലെ ബി.ജെ.പിയുടെ സാമ്പാദ്യം. ഈ മൂന്ന് താമരകളും വിരിഞ്ഞത് എല്‍.ഡി.എഫ് കയ്യടക്കിവെച്ചിരുന്ന മണ്ണുകളിലാണ്. നേമത്ത് ബി.ജെ.പി 2021നേക്കാള്‍ 5304 വോട്ട് അധികം നേടിയാണ് വിജയിച്ചത്. പക്ഷെ ശിവന്‍കുട്ടിക്ക് 3623 വോട്ട് കുറഞ്ഞു. ശബരീനാഥനും കെ.മുരളീധരനേക്കാള്‍ 6794 വോട്ട് കുറവേ നേടിയുള്ളു. ഫോട്ടോഫിനീഷില്‍ ജയിച്ച് കഴക്കൂട്ടത്ത് ബി.ജെ.പിക്ക് 6371 വോട്ട് കൂടിയപ്പോള്‍ കടകംപള്ളിക്ക് കുറഞ്ഞത് 17554 വോട്ടാണ്. ചാത്തന്നൂരില്‍ ബി.ജെ.പിക്ക് 5435 വോട്ട് കൂടിയപ്പോള്‍ എല്‍.ഡി.എഫിന് കുറഞ്ഞത് ഒന്നും രണ്ടുമല്ല, 11771 വോട്ട്. അതായത് താമര വിരിയാനുള്ള വഴിയേതെന്ന് നോക്കിയാല്‍ ആദ്യം കാണാനാവുക എല്‍.ഡി.എഫ് വോട്ടുകളിലെ ചോര്‍ച്ചയെന്ന് ചുരുക്കം.
ഇനി യു.ഡി.എഫുമായി പോരടിച്ച ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലങ്ങളിലെ വോട്ട് നോക്കാം. പാലക്കാട് ശോഭ സുരേന്ദ്രന്‍ 9501 വോട്ട് അധികം പിടിച്ചെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ 3810 വോട്ട് രമേഷ് പിഷാരടി വര്‍ധിപ്പിച്ചതാണ് അവിടെയും താമര വിരിയിക്കാനുള്ള മോഹം തല്ലിക്കെടുത്തിയത്. തൃശൂരില്‍ 11795 വോട്ട് കുറഞ്ഞാണ് പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിയത്. അതിന് വഴിവെച്ച രാജന്‍ പല്ലന് കൂടിയത് 16973 വോട്ട്.
വട്ടിയൂര്‍ക്കാവില്‍ 12600 വോട്ട് വര്‍ധിപ്പിച്ച് മുരളീധരന്‍ വിജയതീരമണഞ്ഞപ്പോള്‍ ശ്രീലേഖയ്ക്ക് 2021ല്‍ വി.വി.രാജേഷ് പിടിച്ചതിനേക്കാള്‍ 2383 വോട്ട് കുറഞ്ഞു. മഞ്ചേശ്വരത്തെ കെ.സുരേന്ദ്രന്‍ 2683 വോട്ട് വര്‍ധിപ്പിച്ച് പൊരുതിയെങ്കിലും അക്കൗണ്ട് തുറക്കല്‍ തടഞ്ഞത് എ.കെ.എം അഷറഫ് 31000 വോട്ട് അധികം പിടിച്ചതാണ്. അതായത് മുഖ്യഎതിരാളിയായ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിടത്ത് താമരവിരിഞ്ഞു. മുഖ്യഎതിരാളിയായ യു.ഡി.എഫ് വോട്ട് കൂട്ടിയിടത്ത് താമര മോഹം വിജയിച്ചില്ല.