ചരിത്രവും വിശ്വാസവും ഇഴചേർന്ന ആറന്മുളയുടെ മണ്ണിൽ അട്ടിമറി വിജയം നേടിയാണ് അബിൻ വർക്കി നിയമസഭയിലേക്ക് എത്തുന്നത്. ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ 18985 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അബിൻ കോൺഗ്രസിന്റെ കരുത്തായത്.
ചാനൽ ചർച്ചകളിൽ കോൺഗ്രസ് നിലപാടുകൾ യുക്തിഭദ്രമായും മൂർച്ചയോടെയും അവതരിപ്പിക്കുന്ന അബിനെ ആറന്മുളക്കാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടി വന്നില്ല.പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം സംവാദത്തില്‍ ആരോഗ്യ മന്ത്രിയെ 'കത്രികപ്പൂട്ടിട്ട്' പൂട്ടിയത് വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായി.സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിലുണ്ടായ ചെറിയ എതിർപ്പുകളെപ്പോലും തന്റെ പ്രകടനം കൊണ്ട് നിശബ്ദമാക്കാൻ അബിന് കഴിഞ്ഞു.
സർക്കാരിന്റെ വീഴ്ചകൾക്കെതിരെ തെരുവിൽ നടത്തിയ സമരങ്ങൾ അബിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പൊലീസിന്റെ ലാത്തിച്ചാർജിൽ തലയ്ക്ക് മാരകമായി പരുക്കേറ്റിട്ടും തളരാത്ത പോരാട്ടവീര്യം അബിന്റെ പോരാട്ട വിര്യം ആറന്മുളക്കാര്‍ മറന്നില്ല.
എറണാകുളം ജില്ലയിലെ കോലഞ്ചേരി ഊരുമന സ്വദേശിയായ അദ്ദേഹം നിലവിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ യാത്ര എൻ.എസ്.യു ദേശീയ സെക്രട്ടറി പദവി വരെ എത്തി. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിലും, ലോ അക്കാദമിയിൽ നിന്ന് നിയമത്തിലും ബിരുദം നേടി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന ഉപാധ്യക്ഷനായി. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ആ പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തെത്തി. ആറന്മുളക്കണ്ണാടി പോലെ തെളിമയുള്ള നിലപാടുകളുമായി നിയമസഭയിൽ ഇനി നാടിന്‍റെ ശബ്ദമായി അബിൻ വർക്കിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആറന്മുളക്കാര്‍.