pathanamthitta-election-bet

TOPICS COVERED

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഫലത്തോടൊപ്പം പത്തനംതിട്ട നഗരത്തിൽ മറ്റൊരു കൗതുകകരമായ പന്തയവും ശ്രദ്ധാകേന്ദ്രമാകുന്നു. സംസ്ഥാനത്ത് ആര് ഭരണത്തിലേറുമെന്ന കാര്യത്തിൽ പത്തനംതിട്ട സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ തമ്മിലാണ് വെല്ലുവിളി. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ബാബു വർഗീസും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് സജീവ് എന്ന ഉണ്ണിയും പന്തയം വെച്ചിരിക്കുകയാണ്. തോൽക്കുന്നവർ നാളെ പരസ്യമായി തല മൊട്ടയടിക്കുമെന്നാണ് ബെറ്റ്.

വർഷങ്ങളായുള്ള സുഹൃത്തുക്കളാണെങ്കിലും രാഷ്ട്രീയ കാര്യത്തിൽ ബാബുവും സജീവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇടതുപക്ഷത്തിന്റെ വിജയത്തിൽ ബാബു വർഗീസ് ഉറച്ചുവിശ്വസിക്കുമ്പോൾ, സജീവ് യുഡിഎഫിന്റെ തിരിച്ചുവരവിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്.

എൽഡിഎഫ് 75 സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്തുമെന്നാണ് ബാബുവിന്റെ പ്രവചനം. പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും, വീണാ ജോർജ് ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്നും ബാബു വർഗീസ് അവകാശപ്പെടുന്നു.

102 സീറ്റുകൾ നേടി കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് സജീവിന്റെ ഉറച്ച വിശ്വാസം. പത്തനംതിട്ടയിൽ അബിൻ വർക്കി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സുഹൃത്തുക്കൾക്കിടയിലെ പന്തയം ഇതാദ്യമല്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിൽ വെച്ച പന്തയത്തിൽ പരാജയപ്പെട്ട ബാബു വർഗീസിന് തന്റെ മീശ കളയേണ്ടി വന്നിരുന്നു. മീശ പോയത് കാര്യമാക്കുന്നില്ലെന്നും പാർട്ടിയോടുള്ള അചഞ്ചലമായ സ്നേഹമാണ് ഇത്തരം പന്തയങ്ങൾക്ക് പിന്നിലെന്നും ഇരുവരും പ്രതികരിച്ചു.

വോട്ടെണ്ണൽ പുരോഗമിക്കുകയും കേവല ഭൂരിപക്ഷം ആർക്കെന്ന് വ്യക്തമാവുകയും ചെയ്യുന്ന നിമിഷം തന്നെ പന്തയത്തിൽ തോൽക്കുന്നയാൾ നഗരമധ്യത്തിൽ തല മൊട്ടയടിക്കും. രഹസ്യമായിട്ടല്ല, മറിച്ച് നാട്ടുകാർ കാണുന്ന രീതിയിൽ പരസ്യമായി തന്നെയാകും ഈ നടപടി. തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം ഈ വേറിട്ട പന്തയത്തിന്റെ ഫലവും അറിയാനുള്ള കാത്തിരിപ്പിലാണ് പത്തനംതിട്ടയിലെ നാട്ടുകാര്‍.

ENGLISH SUMMARY:

Political bet in Pathanamthitta centers on the upcoming election results, with two friends wagering on LDF or UDF victory. The loser will publicly shave their head, adding a unique element to the election day anticipation.