നേതാക്കളുടെ വിജയവും പരാജയവും പിളര്‍ത്തുമോ കൂട്ടിച്ചേര്‍ക്കുമോയെന്ന ആകാംക്ഷയോടെയാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ജോസ് കെ മാണിക്കും തലമുറമാറ്റത്തിലൂടെ കന്നിമല്‍സരത്തിനിറങ്ങിയ അപു ജോണ്‍ ജോസഫിനും ഫലം നിര്‍ണായകമാണ്.

കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച പന്ത്രണ്ടു സീറ്റില്‍ കൈയിലുളള അഞ്ചെണ്ണമെങ്കിലും കിട്ടുമോ. കാഞ്ഞിരപ്പളളി മാത്രമാണ് ഉറപ്പുളളത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പാലായിലും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കടുത്തമല്‍സരം നേരിട്ടതോടെ അണികള്‍ക്ക് ആശങ്ക വാനോളമുണ്ട്. അധികാരതര്‍ക്കവും പിളര്‍പ്പും കേരള കോണ്‍ഗ്രസുകളുടെ ജനിതകസ്വഭാവമാണ്. ഇടതുമുന്നണിക്ക് മൂന്നാം ഊഴം ലഭിക്കുകയും ജയിക്കുകയും ചെയ്താൽ ജോസ് കെ മാണി മന്ത്രിയാകും. മറിച്ചൊന്നുണ്ടായാല്‍ പാര്‍ട്ടിയിലും മുന്നണിയിലും വെല്ലുവിളികള്‍ ഏറെയാണ്. പേരില്‍ ബ്രാക്കറ്റില്ലാത്ത പാര്‍ട്ടിയാണ് പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്. കിട്ടിയ എട്ടില്‍ ഏഴെണ്ണം വരെ ജയിക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. തലമുറമാറ്റത്തിലൂടെ കന്നിമല്‍സരത്തിനിറങ്ങിയ അപു ജോണ്‍ ജോസഫും പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫും വിജയം ഉറപ്പിച്ചവരാണ്. അഞ്ചു സീറ്റ് എങ്കിലും ലഭിച്ചില്ലെങ്കില്‍ യുഡിഎഫിലുളള മേല്‍ക്കൈയും നഷ്ടമാകും. വീണ്ടും അധികാരം കിട്ടിയില്ലെങ്കില്‍ എത്രനാള്‍ പ്രതിപക്ഷത്തിരിക്കും എന്ന് ചിന്തിക്കുന്ന കേരള കോണ്‍ഗ്രസുകാരും ഉണ്ട്. ഭരണം ലഭിക്കുന്നതിനനുസരിച്ച് ഇടത്തരം നേതാക്കളുടെ ചാഞ്ചാട്ടം ഉണ്ടാകുമെന്നുറപ്പാണ്.

ENGLISH SUMMARY:

The election results will determine if the Kerala Congress parties will unite or split based on the victory and defeat of their leaders. Both Jose K Mani and the new generation candidate Abu John Joseph face critical outcomes, with the Kerala Congress (M) uncertain about retaining its seats beyond Kanjirappally