കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി.സതീശന് പരോക്ഷ പിന്തുണയുമായി മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ പ്രകടമായ പിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും ജനവികാരം മാനിച്ചാണ് യുഡിഎഫ് തീരുമാനം എടുക്കുക എന്നുമായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുകയെങ്കിലും യുഡിഎഫിലെ പ്രധാന കക്ഷിയെന്ന നിലയില്‍ മുസ്ലിം ലീഗിന്‍റെ അഭിപ്രായത്തിന് പ്രാധാന്യമുണ്ട്. ലീഗ് നല്‍കിയ പരോക്ഷ പിന്തുണ സതീശന് ശക്തിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വിലക്കിയിട്ടും തുടരുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനവസരത്തിലാണെന്നും എംഎല്‍എമാരടക്കം എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ച നാലാം തീയതിക്ക് ശേഷം മതിയെന്നായിരുന്നു കെ.മുരളീധരന്‍റെ പ്രതികരണം.
അതിനിടെ മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. വകുപ്പുകൾ ആർക്കൊക്കെയെന്നും പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം അറിയാൻ മൂന്നുദിവസം ബാക്കിനിൽക്കുമ്പോഴും തുടരുന്ന ചർച്ചകൾ യുഡിഎഫ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്.