നാലാം തീയതി യുഡിഎഫ് വരികയാണെങ്കിലും എല്‍ഡിഎഫ് വരികയാണെങ്കിലും ആ വിധിനിർണ്ണയത്തിൽ സ്വാധീനം ചെലുത്തിയ ഒരു പ്രധാന ഫാക്ടർ വെള്ളാപ്പള്ളി നടേശനായിരിക്കുമെന്ന് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്. ആ ഫാക്ടർ ഏത് മുന്നണിക്ക് അനുകൂലമായി ഭവിച്ചു, അത് ഉണ്ടാക്കിയ ഇമ്പാക്ട് എത്രയാണ് എന്നതൊക്കെ പിന്നീടേ പറയാൻ പറ്റൂ. എന്നാൽ വിധി നിർണ്ണയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായിരിക്കും അത് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'കഴിഞ്ഞ രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ന്യൂനപക്ഷ സമൂഹങ്ങളിൽ നിന്ന് വലിയ പിന്തുണ കിട്ടിയിട്ടുണ്ട്. വിശിഷ്യാ മുസ്‌ലിം സമൂഹത്തിൽ നിന്ന്. എന്നാൽ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി പിണറായി കളിച്ച സോഷ്യൽ എഞ്ചിനീയിറിംഗ് ആ സമൂഹത്തെ വലിയ അളവിൽ   ഇടതുവിരുദ്ധരാക്കി എന്നത് ഒരു യാഥാർത്ഥ്യമാണ്.

കേരളത്തിന്റെ ഒരു പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ഇത്ര വലിയ സ്കെയിലിൽ  സാമുദായിക വിദ്വേഷവും മുസ്‌ലിം വിരുദ്ധതയും പറഞ്ഞ മറ്റൊരു മനുഷ്യനില്ല. വായ തുറന്നാൽ കൊടും വിഷം മാത്രം പ്രചരിപ്പിച്ചു കൊണ്ട് നടന്ന അയാളെ പൊന്നാട അണിയിച്ചും കാറിൽ കയറ്റി സഞ്ചരിച്ചും പിണറായി കേരളത്തിന് നൽകിയ സന്ദേശം നാളിതുവരെയുള്ള ഇടത്പക്ഷ ലൈനിൽ നിന്നുള്ള ഭീതിജനകമായ തിരിച്ചു പോക്കായിരുന്നു. യുഡിഎഫിന് അനുകൂലമായ ഒരു മുസ്‌ലിം കൺസോളിഡേഷന് അത് കാരണമായിട്ടുണ്ട്. 

നാലാം തീയതി യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെങ്കിൽ ആ മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഒരു പ്രധാന ഘടകമായി വെള്ളാപ്പള്ളിയുണ്ടാകും എന്ന് പറയാനുള്ള കാരണമതാണ്. ഭരണരംഗത്ത് കഴിഞ്ഞ പത്ത് വർഷങ്ങൾ ഏറെ നേട്ടങ്ങൾ എടുത്ത് പറയാനുണ്ടെങ്കിലും അത് ഫോക്കസ് ചെയ്യുന്ന ഒരു പൊളിറ്റിക്കൽ എഞ്ചിനീയറിങിന് പകരം വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തിയുള്ള സോഷ്യൽ എൻജിനീയറിങ്‌ വിപരീതഫലം ചെയ്തു എന്ന് ഈ ഒരു സെനാറിയോയിൽ വിലയിരുത്താൻ പറ്റും. 

അപ്പോൾ ഇടതുപക്ഷം ജയിച്ചാൽ അതിലും വെള്ളാപ്പള്ളി ഒരു ഫാക്ടറാകുന്നത് എങ്ങിനെ എന്ന് ചോദിക്കാം. അതിനുത്തരം വളരെ സിംപിളാണ്. പിണറായി ഉണ്ടാക്കാൻ ശ്രമിച്ച സോഷ്യൽ എഞ്ചിനീയറിങ് അതിന്റെ ഉദ്ദേശ്യലക്ഷ്യം കണ്ടു എന്ന് വിലയിരുത്താൻ പറ്റും. "മുസ്‌ലിം സമൂഹം വലിയ തോതിൽ അധികാരവും സമ്പത്തും കയ്യടക്കുന്നു, യുഡിഎഫ് വന്നാൽ ആ അധികാരം കൂടുതൽ ശക്തമാകും, മുസ്‌ലിംകൾ ഭൂരിപക്ഷമായ മലപ്പുറം ജില്ലയിൽ മറ്റ് സമൂഹങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്" തുടങ്ങി വെള്ളാപ്പള്ളി  സൃഷ്ടിച്ച നറേറ്റിവ് ഭൂരിപക്ഷ സമൂഹത്തിൽ സിപിഎമ്മിന് അനുകൂലമായ ഒരു കൺസോളിഡേഷനുള്ള സാധ്യത സൃഷ്ടിച്ചു. അതിസമർത്ഥമായി കളിച്ച ഈ സോഷ്യൽ എൻജിനീയറിങ് വഴി മുസ്‌ലിം സമൂഹത്തിൽ നിന്ന് നഷ്ടട്ടപെട്ട വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷ സമൂഹത്തിൽ നിന്നും നേടിയെടുക്കാൻ പറ്റി എന്ന് വിലയിരുത്താൻ വളരെ എളുപ്പത്തിൽ സാധിക്കും. 

ഈ രണ്ട് സാധ്യതകൾക്കൊപ്പം വെള്ളാപ്പള്ളിയിലൂടെ സി പി എം ഉണ്ടാക്കിയ മുസ്‌ലിം ഭീതിയുടെ റിസൾട്ട്  വോട്ടാക്കി മാറ്റിയത് ബിജെപിയാണോ എന്നും നാലാം തിയ്യതി അറിയാൻ പറ്റും. ചുരുക്കത്തിൽ വെള്ളാപ്പള്ളി ഫാക്ടർ ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന സൂചകമായിരിക്കും. ആ ഫാക്ടർ ഏത് മുന്നണിക്ക് അനുകൂലമായി ഭവിച്ചു എന്നത് കണ്ടറിയണം'. –  അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

The Vellapally Natesan factor is expected to significantly influence the Kerala election results, regardless of whether the UDF or LDF comes to power. His impact on Muslim consolidation and majority community consolidation will be a key determinant of the election's outcome.