വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് തേരോട്ടമെന്ന് മനോരമ ന്യൂസ് സീ വോട്ടര്‍ എക്സിറ്റ്‌പോള്‍. 78.81 ആയിരുന്നു ജില്ലയിലെ ആകെ പോളിങ് ശതമാനം. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പായത് കൊണ്ടു തന്നെ സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പും യുഡിഎഫ് ഫണ്ട് വിവാദവും ലീഗിന്‍റെ വീട് നിര്‍മാണവും എന്‍.എം.വിജയന്‍റെ ആത്മഹത്യയും തിരഞ്ഞെടുപ്പ് ചര്‍ച്ചയായി.
റെക്കോര്‍ഡ് പോളിങ് നടന്ന കല്‍പ്പറ്റയിലും വാര്‍ത്തകളില്‍ നിറഞ്ഞ സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും യുഡിഎഫിന് ജയസാധ്യതയെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ യുഡിഎഫ് നേടിയേക്കാമെന്നും എല്‍ഡിഎഫിന് ഒരു സീറ്റുമാണ് എക്സിറ്റ് പോള്‍ സാധ്യത കല്‍പ്പിക്കുന്നത്. ജില്ലയിലെ യുഡിഎഫ് വോട്ട് ഷെയര്‍ 48 ശതമാനം ആകുമെന്നും എല്‍ഡിഎഫിന് 32 ശതമാനവും എന്‍ഡിഎയ്ക്ക് 15 ശതമാനവുമാണ് എക്സിറ്റ് പോള്‍.
കല്‍പ്പറ്റയില്‍ യുഡിഎഫിനായി ടി.സിദ്ധിഖും എല്‍ഡിഎഫിനായി പി.കെ.അനില്‍കുമാറും എന്‍ഡിഎയ്ക്കായി പ്രശാന്ത് മലവയലുമാണ് ജനവിധി തേടിയത്. 2021 ല്‍ 5470 വോട്ടിനാണ് ടി.സിദ്ധിഖ് ജയിച്ചത്.
മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍.കേളു എല്‍ഡിഎഫിനായും ഉഷ വിജയന്‍ യുഡിഎഫിനായും, പി.ശ്യാംരാജ് എന്‍ഡിഎയ്ക്കയും ജനവിധി തേടി. 2021 ല്‍ 9282 വോട്ടുകള്‍ക്കാണ് ഒ.ആര്‍.കേളു ജയിച്ചത്.
സിറ്റിങ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനാണ് സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫിനായി മല്‍സരിച്ചത്. എം.എസ്.വിശ്വനാഥന്‍ എല്‍ഡിഎഫിനായും എന്‍ഡിഎയ്ക്കായി കവിത എ.എസും മല്‍സരിച്ചു. 11822 വോട്ടുകള്‍ക്കാണ് ഐ.സി.ബാലകൃഷ്ണന്‍ 2021 ല്‍ ജയിച്ചത്.