വാശിയേറിയ പോരാട്ടം നടന്ന ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ് –സി വോട്ടര്‍ എക്സിറ്റ് പോള്‍. അഞ്ച് മുതല്‍ ഏഴു വരെ സീറ്റുകളില്‍ യുഡിഎഫിന് ജയസാധ്യതയെന്നും രണ്ട് മുതല്‍ നാല് സീറ്റുകളില്‍ എല്‍ഡിഎഫിന് ജയസാധ്യതയെന്നുമാണ് എക്സിറ്റ് പോള്‍. യുഡിഎഫിന് 41 ശതമാനം വോട്ട് ഷെയറും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 15 ശതമാനവുമാണ് എക്സിറ്റ് പോള്‍ കണക്കാക്കുന്നത്.
ഹോട്ട്സീറ്റായ അമ്പലപ്പുഴ ജി.സുധാകരനെ തുണയ്ക്കില്ലെന്നും സിറ്റിങ് എംഎല്‍എയായ എച്ച്.സലാമിന് നേരിയ മുന്‍തൂക്കമെന്നുമാണ് എക്സിറ്റ് പോള്‍. ഒരു പുരുഷായുസ് മുഴുവന്‍ സിപിഎമ്മിനൊപ്പം നടന്ന ജി.സുധാകരന്‍റെ പാര്‍ട്ടി വിടലും സ്ഥാനാര്‍ഥിത്വവുമാണ് അമ്പലപ്പുഴയെ പതിവിലും ശ്രദ്ധാകേന്ദ്രമാക്കിയത്. യുഡിഎഫിന്‍റെ പിന്തുണയോടെ മല്‍സരിക്കാനിറങ്ങിയ ജി.സുധാകരന്‍ വലിയ വെല്ലുവിളി എല്‍ഡിഎഫിനുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍.
ഭരണം കിട്ടിയിട്ടും അമ്പലപ്പുഴയില്‍ തോറ്റാല്‍ തിരിച്ചടിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കൂടിയായപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പോരാട്ടമായി അമ്പലപ്പുഴയിലേത് മാറി. അരുണ്‍ അനിരുദ്ധനാണ് എന്‍ഡിഎയ്ക്കായി ജനവിധി തേടിയത്. 2021 ല്‍ 11125 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എച്ച്.സലാം നേടിയത്. 44.79 ശതമാനം വോട്ടുകളും എല്‍ഡിഎഫ് നേടി.
കുട്ടനാട്ടിലും നേരിയ മുന്‍തൂക്കം യുഡിഎഫിനെന്ന് എക്സിറ്റ് പോള്‍. റെജി ചെറിയാനാണ് യുഡിഎഫിനായി മല്‍സരിച്ചത്. സിറ്റിങ് എംഎല്‍എ തോമസ് കെ.തോമസിനെ തന്നെയാണ് എല്‍ഡിഎഫ് ഇക്കുറിയും നിര്‍ത്തിയത്. സന്തോഷ് ശാന്തിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 5516 വോട്ടിനാണ് 2021 ല്‍ തോമസ് കെ.തോമസ് ജയിച്ചത്.