കോട്ടയം വീണ്ടും യുഡിഎഫ് കോട്ടയാകുമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് –സി വോട്ടര്‍ എക്സിറ്റ് പോള്‍. ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ 7 മുതല്‍ ഒന്‍പതും യുഡിഎഫിന് ലഭിച്ചേക്കാമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍ഡിഎഫിന് പൂജ്യം മുതല്‍ രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോള്‍ കണക്കാക്കുന്നത്. എന്‍ഡിഎയ്ക്ക് ജയസാധ്യത മണ്ഡലത്തില്‍ എവിടെയുമില്ല.
ഹോട്ട് സീറ്റായ പാലായില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനെന്ന് എക്സിറ്റ് പോള്‍. മാണി സി.കാപ്പനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി ജോസ് കെ.മാണിയും ഷോണ്‍ ജോര്‍ജ് എന്‍ഡിഎയ്ക്കായും മല്‍സരിച്ചു. 2021 ല്‍ 15,378 വോട്ടുകള്‍ക്കാണ് മാണി സി.കാപ്പന്‍ ജോസ് കെ.മാണിയെ പരാജയപ്പെടുത്തിയത്. 50.43 ശതമാനം വോട്ടുകളാണ് അന്ന് യുഡിഎഫ് നേടിയത്.
വാശിയേറിയ പോരാട്ടം നടന്ന പൂഞ്ഞാറില്‍ യുഡിഎഫിന് ജയസാധ്യതയെന്നാണ് എക്സിറ്റ് പോള്‍. സിറ്റിങ് എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇക്കുറിയും എല്‍ഡിഎഫിനായി ജനവിധി തേടിയത്. എം.ജെ.സെബാസ്റ്റ്യനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. പി.സി.ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായും മല്‍സരിച്ചു. 2021 ല്‍ 16,817 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നേടിയത്. അന്ന് രണ്ടാമത്തെത്തിയിരുന്ന പി.സി. ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ചങ്ങനാശേരി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് എക്സിറ്റ് പോള്‍. വിനു ജോബാണ് യുഡിഎഫിനായി മല്‍സരിച്ചത്. ജോബ് മൈക്കിള്‍ എല്‍ഡിഎഫിനായും ബി.രാധാകൃഷ്ണ മേനോന്‍ എന്‍ഡിഎയ്ക്കായും ജനവിധി തേടി. 2021 ല്‍ 6059 വോട്ടുകള്‍ക്കാണ് ജോബ് മൈക്കിള്‍ ചങ്ങനാശേരിയില്‍ ജയിച്ചത്.