മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ.സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തള്ളി കെപിസിസി പ്രസിഡന്റ്. അനവസരത്തിലെ പ്രസ്താവനകള്‍ അനുചിതമെന്ന് സണ്ണി ജോസഫ്.  മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായില്ലെന്നും പാര്‍ട്ടിക്ക് വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 

മുഖ്യമന്ത്രി ചര്‍ച്ചകളില്‍  പങ്കാളിയാകാനില്ല എന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അതിന്‍റേതായ രീതികളുണ്ടെന്ന് പറഞ്ഞ്, കൊടിക്കുന്നില്‍ സുരേഷ് ഒഴിഞ്ഞുമാറി. അതേസമയം, ആരെയും അനുകൂലിച്ച് പോസ്റ്റ് ഇടുന്നത് ശരിയല്ലെന്ന് കെ. മുരളീധന്‍ തുറന്നടിച്ചു. 'ഇത് ഗ്രൂപ്പ് ഡാന്‍സാണ്, സിംഗിള്‍ ഡാന്‍‍സ് വേണ്ട’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍പ്പിച്ചായിരുന്നു മുരളിയുടെ പ്രതികരണം. നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും മുരളി.

അതിനിടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ അതൃപ്തി പ്രകടിപ്പിച്ച്  കെ.സി.വേണുഗോപാല്‍. മേയ് നാലിന് ഫലം വരട്ടെയെന്നും അതുവരെ കാത്തിരിക്കാമെന്നും കെ.സി.വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. പൊതുജനമധ്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നേതൃത്വമുണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് വ്യവസ്ഥകളുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കെ.സി വേണുഗോപാലിനായി കെ സുധാകരൻ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കവും വിവാദവും വീണ്ടും സജീവമാക്കിയത്.  കെസി വേണുഗോപാലിന്‍റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് ആവശ്യമാണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെ സുധാകരൻ കുറിച്ചു.  കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി കെ.സിയ്ക്ക് ഉയരാന്‍ കഴിയുമെന്നും ഭരണത്തിന് ദിശാബോധം നല്‍കാന്‍ കെ സി വേണുഗോപാല്‍ ഉയരട്ടെയെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായ റോജി എം ജോൺ, രമ്യ ഹരിദാസ്, സന്ദീപ് വാര്യർ എന്നിവരും KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും കെസി വേണുഗോപാലിനെ പിന്തുണച്ച് പോസ്റ്റിട്ടു. 

ENGLISH SUMMARY:

Congress leadership debate is heating up following K Sudhakaran's Facebook post, with leaders like Sunny Joseph and K Muraleedharan refuting the untimely statements. KC Venugopal also expressed his displeasure with the ongoing discussions in public forums, emphasizing that the party has its own mechanisms for deciding leadership.