നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ യു.ഡി.എഫ് തരംഗമെന്നാണ് സി.പി റാഷിദ് പ്രവചിച്ചത്. പിന്നാലെ പല വിമര്‍ശനങ്ങളും റാഷിദിന് നേരെയുണ്ടായി. ചേലക്കരയില്‍ രമ്യ ഹരിദാസിനെ ജയിപ്പിച്ച പ്രവചനമല്ലേ എന്നായിരുന്നു ഇടത് ഹാന്‍ഡിലുകളില്‍ നിന്നുള്ള പരിഹാസം. പല പ്രവചനങ്ങളും ചൂണ്ടിക്കാട്ടി റാഷിദിന് നേരെ വിമര്‍ശനങ്ങളുയര്‍ന്നു. പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് റാഷിദ്. ഇതുവരെ 17 തിരഞ്ഞെടുപ്പ് പ്രവചനങ്ങളാണ് നടത്തിയതെന്നും അതില്‍ മാത്രമാണ് ഉത്തരവാദിത്വമെന്നും റാഷിദ് കുറിച്ചു.
17 തിരഞ്ഞെപ്പുകൾ വാളിൽ കുറിച്ചിട്ടുണ്ട്. രണ്ടെണ്ണം പൂർണ്ണമായും പരാജയപ്പെട്ടിട്ടുമുണ്ട്. 2021 തിരഞ്ഞെടുപ്പില്‍ ഫിറോസ് കുന്നപറമ്പിലിനെ ജയിപ്പിച്ചു എന്ന തരത്തിൽ നടത്തുന്ന പ്രചാരണം പച്ച കള്ളമാണെന്നും റാഷിദ് കുറിച്ചു. ഹരിയാന തിരഞ്ഞെടുപ്പിന്‍റെയും ചേലക്കര ഉപതിരഞ്ഞെടുപ്പിന്‍റെയും പ്രവചനങ്ങളാണ് റാഷിദിന് പിഴച്ചത്.
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന്‍റെ പ്രവചനം പാളിയതിനെ പറ്റിയും റാഷിദ് ഫെയ്സബുക്ക് കമന്‍റിന് മറുപടി പറയുന്നുണ്ട്. എല്‍ഡിഎഫ് വോട്ടു ശതമാനം പ്രവചിച്ചത് പോലെ വന്നെന്നും സർക്കാർ വിരുദ്ധ വോട്ട് ബിജെപിയും കൊണ്ട് പോയതാണ് പ്രവചനം തെറ്റാന്‍ കാരണമെന്നും റാഷിദ് കുറിച്ചു. ഒപ്പം അമിത ആത്മ വിശ്വാസവും സംഭവിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേത്തിന്‍റെ കമന്‍റ്.
'യു.ഡി.എഫിന് 102 സീറ്റുവരെ കിട്ടും'; സി.പി റാഷിദിന്‍റെ പ്രവചനത്തിന് പിന്നിലെ അടിസ്ഥാനമെന്ത്?
2020 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം റാഷിദ് കൃത്യമായി പ്രവചിച്ചിരുന്നു. എഎപിക്ക് 62-65 സീറ്റാണ് പ്രവചിച്ചത്. 62 ഇടത്ത് ജയിച്ചു. ബിജെപിക്ക് 5-8 സീറ്റ് പ്രവചിച്ചിടത്ത് അഞ്ച് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് സംപ്യൂജരായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് റാഷിദ് സീറ്റുകള്‍ പ്രവചിച്ചിരുന്നില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 104 സീറ്റുവരെയായിരുന്നു റാഷിദ് പ്രവചിച്ചത്. 99 ഇടത്ത് എല്‍ഡിഎഫ് ജയിച്ചു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്, തെലങ്കാന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്, 2024 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്, തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ഉപതിരഞ്ഞെടുപ്പ് അടക്കം 17 തിരഞ്ഞെടുപ്പുകളാണ് റാഷിദ് പ്രവചിച്ചത്. അതിൽ ചേലക്കരയും, ഹരിയാനയുമാണ് പ്രവചനങ്ങള്‍ തെറ്റിയത്.