vellappally-nateshan

പിണറായി വിജയന്‍ തുടര്‍ന്നും ഭരണത്തില്‍ അധികാരത്തില്‍ വരണമെന്നാണ് തന്‍റെ വ്യക്തിപരമായ ആഗ്രഹവും താല്‍പര്യവുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ ജെ.ചിത്തരഞ്ജന്‍ ജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ കേരളത്തില്‍ ആകെയുള്ള തിരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ലെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.

 

കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണമല്‍സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് എല്ലാവരും യോഗ്യരാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. വി.ഡി.സതീശന് യോഗ്യതയില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിക്കാന്‍ അദ്ദേഹം തയാറായില്ല. ‘എംഎല്‍എ എന്ന നിലയില്‍ പാസായി വന്നുകഴിഞ്ഞാല്‍ എല്ലാവരും യോഗ്യരല്ലേ? ആരെങ്കിലും അയോഗ്യരാണെന്ന് ഞാന്‍ പറ‍ഞ്ഞാല്‍ ശരിയാണോ’ എന്നായിരുന്നു മറുചോദ്യം. 

‘കോണ്‍ഗ്രസില്‍ മൂന്നുനാലുപേര്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നുണ്ട്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടാകാം. അത് വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും മറ്റുപലര്‍ക്കും കാണും. അത് സ്വാഭാവികമാണ്. അതിനെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇപ്പോള്‍ത്തന്നെ പേരിടേണ്ട കാര്യമുണ്ട്. ആദ്യം കുഞ്ഞ് ജനിക്കട്ടെ...’ വെള്ളാപ്പള്ളി പറഞ്ഞു.

ENGLISH SUMMARY:

Pinarayi Vijayan's continued leadership is Vellappally Natesan's personal wish and interest. While confident about Alappuzha's victory, he finds Kerala's overall election results unpredictable, noting an increase in NDA votes but uncertainty about them opening an account.