സംസ്ഥാനത്ത്  കനത്ത പോളിങ്. ഉച്ചക്ക് ഒരുമണിയോടെ 46 ശതമാനംപേര്‍  വോട്ട് രേഖപ്പെടുത്തി. മധ്യകേരളത്തിലും പാലക്കാടും  കനത്തപോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പൊതുവെ വോട്ടിങ് കുറഞ്ഞു നില്‍ക്കുന്ന തെക്കന്‍ജില്ലകളിലും രാവിലെ മുതല്‍ ക്രമാനുഗതമായി പോളിങ് ശതമാനം ഉയരുകയാണ്. രാവിലെ വോട്ടെടുപ്പ് തുടങ്ങും മുന്‍പെ നഗര– ഗ്രാമ ഭേദമില്ലാതെ ഒട്ടുമിക്ക ബൂത്തുകളിലും ആളുകള്‍ നിരതീര്‍ത്തു. പ്രായഭേദമില്ലാതെ വോട്ടര്‍മാരെത്തിയതോടെ എട്ടുമണിക്കു മുന്‍പുതന്നെ പോളിങ് ദ്രുതഗതിയിലായി. 

 

കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പോളിങാണ് കാണുന്നത്. ഉച്ചക്ക് സാധാരണ നിലയില്‍സംസ്ഥാനത്ത് പോളിംങ് മന്ദഗതിയിലാകാറുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതല്‍ വീണ്ടും വോട്ടര്‍മാര്‍കൂട്ടമായി എത്തുകയാണ് പതിവ്. വൈകിട്ട് ആറുമണിവരെ പോളിംങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.75 ശതമാനം പേര്‍വോട്ടു ചെയ്തിരുന്നു. ഇത്തവണ ഇതു മറികടക്കുമോ എന്ന് വരും മണിക്കൂറുകള്‍ തെളിയിക്കും. 

 

ഇത്തവണ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എ.കെ. ആന്റണി. ആറുമണിക്ക് പിണറായി സര്‍ക്കാര്‍ അസ്തമിക്കുമെന്നും തുടര്‍ന്നുള്ളത് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി മാത്രമെന്നും ജഗതിയില്‌‍ വോട്ട് രേഖപ്പെടുത്തിയ ശേഷം എ.കെ.ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

 

നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി ചലച്ചിത്രതാരങ്ങള്‍. തിരുവനന്തപുരം മുടവൻമുകൾ സ്കൂളില്‍ നടന്‍ മോഹൻലാൽ രാവിലെ തന്നെ വോട്ട് ചെയ്തു. മമ്മൂട്ടിയും പൃഥ്വിരാജും കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

 

ഷൂട്ടിങ് ലൊക്കേഷനില്‍ എങ്ങനെയാണോ...അതേ കൃത്യനിഷ്ഠയില്‍ രാവിലെ കൃത്യം 7ന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മോഹൻലാൽ പോളിങ് ബൂത്തിലെത്തി. മുടവൻമുഗളിലെ 36–ാം ബൂത്തില്‍ അരമണിക്കൂറോളം വരി നിന്നാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.

 

'ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാൻ പോകൂ'- വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ കുറിച്ചു.  തിരക്ക് കാരണം പൊലീസ് സുരക്ഷയിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്,  കൊച്ചി പൊന്നുരുന്നി ക്രൈസ്റ്റ് കിങ് സ്കൂളില്‍.

 

 തേവര ഫിഷറീസ് സ്കൂളില്‍ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും വോട്ട് രേഖപ്പെടുത്തി. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ടുചെയ്യാനെത്തി. 

 

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ നടന്‍ ടോവിനോ തോമസും തൊടുപുഴ കുമ്മംകല്ല് ബിടിഎം സ്കൂളില്‍ ആസിഫ് അലിയും വോട്ട് ചെയ്തു. ആലപ്പുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് സകൂളില്‍ കുഞ്ചാക്കോ ബോബന്‍ വോട്ട് ചെയ്യാനെത്തി. വട്ടിയൂര്‍ക്കാവിലെ വോട്ടറായ ഷാജി കൈലാസ് പതിവുപോലെ കുടുംബത്തിനൊപ്പമെത്തി. 

 

ഇന്ദ്രന്‍സ്, നവ്യ നായര്‍, സംവിധായകന്‍ ലാല്‍ ,ബി. ഉണ്ണികൃഷ്ണനന്‍ , രഞ്ജി പണിക്കര്‍, ഹരിശ്രീ അശോകന്‍, മേജര് രവി, മധുപാല്‍, ധര്‍മജന്‍, ഉള്‍പ്പടെയുള്ളവര്‍ ജനാധിപത്യത്തിന്‍റെ ഉല്‍സവത്തില്‍ പങ്കാളികളായി. 

ENGLISH SUMMARY:

The state witnessed strong polling, with around 46% voter turnout recorded by 1 PM. Central Kerala and Palakkad reported particularly heavy polling. Even in the southern districts, where turnout is usually lower, polling percentages have been steadily rising since morning. Long queues were seen at most booths across urban and rural areas even before polling began. With voters of all age groups arriving early, polling picked up pace before 8 AM itself.