ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്.

 

ദേശീയ സർവേകൾ യുഡിഎഫിന് അനുകൂലമാണെന്നും ജനവികാരം തനിക്ക് കൃത്യമായി അറിയാമെന്നും വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറിനിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടതായും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. 

 

രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.  മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമിലെന്നും വി.ഡി. സതീശൻ പറഞ്ഞു.

ENGLISH SUMMARY:

Leader of the Opposition V.D. Satheesan expressed strong confidence that the UDF will secure over 100 seats in the Kerala Assembly Elections 2026. After casting his vote in Paravur, Satheesan said public sentiment is clearly in favour of the UDF and that Kerala voters are politically aware. He also cited favourable national surveys and urged maximum voter participation. The Opposition leader criticised the Election Commission over alleged lapses affecting postal voting and officials’ participation, while reiterating that the current political climate supports a UDF victory.