കത്തികയറിയ ഹൈസ്പീഡ് പ്രചരണത്തിനൊടുവില്‍ കേരളം ഇന്ന്  പോളിങ് ബൂത്തിലേക്ക്. സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി  തീരുമാനിക്കപ്പെടുന്ന നിര്‍ണായ വിധിയെഴുത്താണ് ഇന്നു നടക്കുക. 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എസ്ഐആറിന് ശേഷം തയ്യാറാക്കിയ വോട്ടര്‍പട്ടിക അനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഉണ്ട്. 

രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുമണിവരെ പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ഉണ്ടാകും. ആകെ 30,495 പോളിംങ് ബൂത്തുകളാണുള്ളത്. 2040 എണ്ണം പ്രശ്നബാധിതമായി  കണ്ടെത്തിയിട്ടുണ്ട്. 76000 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. എല്ലാ ബൂത്തുകളില്‍നിന്നും വെബ് കാസ്റ്റിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനായി ആദ്യമെത്തുന്നവര്‍ക്ക് സൗജന്യ കോഫി, മധുരം നല്‍കല്‍ എന്നിവയും ഇത്തവണത്തെ പ്രത്യേകതയാണ്. 

അതിനിടെ പാലക്കാട്ട്  വോട്ടര്‍ക്ക് എന്‍ഡിഎ പ്രതിനിധികള്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്തു. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് FIR.എന്‍ഡിഎ പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരാതിയില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. 

കോട്ടയം ഈരാറ്റുപേട്ടയിലും വോട്ടിന് പണം ആരോപണം. ഈരാറ്റുപേട്ട നഗരസഭയിലെ ബിജെപി മണ്ഡലം ഭാരവാഹി മുഹമ്മദ് ഷാജിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. അരുവിത്തറ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലാണ് പണം കൊടുത്തതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു. ദൃശ്യം പകർത്തിയ എൽഡിഎഫ് പ്രവർത്തകർ മുഹമ്മദ് ഷാജിയെ  തടഞ്ഞുവെച്ചു. പരാതി കൊടുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. 

കാസർകോട് വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയുടെ സഹോദരങ്ങൾ പണം നൽകിയതായി ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളായ ഷെരീഫ്, അഷ്റഫ് എന്നിവരെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. നായന്മാർമൂലയിലെ വീടുകളിൽ ഇവർ പണം നൽകിയെന്നാണ് ആരോപണം. രാത്രി മേഖലയിലെ ഒരു വീട്ടിൽ എത്തിയ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവച്ചു. നാട്ടുകാർ ഇടപെട്ടാണ് രണ്ടുപേരെയും മോചിപ്പിച്ചത്. കാസർകോട് എസിപി രാത്രി പ്രദേശത്തെ വീടുകളിൽ എത്തി മൊഴിയെടുത്തു. 

കേരളത്തിനൊപ്പം അസമും ഇന്ന് പോളിങ് ബൂത്തിലേക്ക്. ആകെയുള്ള 126 സീറ്റുകളില്‍ 722 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 59 പേര്‍ മാത്രമാണ് വനിതകള്‍. ആകെയുള്ള രണ്ടരക്കോടി വോട്ടര്‍മാര്‍ക്കായി 31,490 പോളിങ് ബൂത്തുകള്‍ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും വെബ്കാസ്റ്റിങ് സംവിധാനവും തയാറാക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ഉദല്‍ഗുരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്‍ ദൈമാരി നാടകീയമായി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നേതൃത്വത്തിന്‍റെ പിന്തുണ ലഭിക്കുന്നില്ല എന്നാരോപിച്ചാണ് രാജി. ഭരണം നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമാണ് അസമില്‍ നടക്കുന്നത്.

ENGLISH SUMMARY:

Kerala is heading to the polling booths today after an intense high-speed campaign, marking a crucial verdict that will decide not only who governs the state for the next five years but also the political future of major fronts and leaders. The election process begins at 7 AM and will continue until 6 PM, offering an opportunity for all voters to cast their ballot.