സംസ്ഥാനത്ത് എല്ലായിടത്തും എൽഡിഎഫിനെ പിന്തുണക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്ന് എപി വിഭാഗം സമസ്‌ത. കാസർകോട് മാർച്ച് 29ന് ചേർന്ന സമസ്‌തയുടെ യോഗത്തിൽ എൽഡിഎഫിനെ പിന്തുണക്കാൻ തീരുമാനമെടുത്തു എന്ന് ചില ദൃശ്യങ്ങൾ സഹിതം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുമായി എപി വിഭാഗത്തിനോ കേരള മുസ്ലിം ജമാഅത്തിനോ ബന്ധമില്ലെന്നാണ് വിശദീകരണം.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും സംഘടനാ നയത്തിന് എതിരാണെന്നും വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയാണ് പ്രസ്താവന ഇറക്കിയത്. സമസ്ത എപി വിഭാഗം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ നേതൃത്വം തന്നെ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്.
സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്നും തങ്ങൾക്ക് എല്ലാം ചെയ്‌ത് തന്നത് ഇടത് സർക്കാരാണെന്നും പറയുന്ന വിഡിയോയാണ് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും വിഡിയോയിലുണ്ട്. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനമെന്നും വിഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണിതെന്നും മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നതെന്നുമാണ് പ്രചരിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ സമസ്‌ത നേതൃത്വം തന്നെ രംഗത്തെത്തിയത്.