palakkad-election-bjp-saree-allegations

പാലക്കാട്ട് പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് സാരി നല്‍കിയെന്നും ആരോപണം. പല വീടുകളിലും സ്ത്രീകള്‍ക്ക് സാരി നല്‍കിയെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആരോപിച്ചു. രാത്രിയിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ സാരിയുമായെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെയാണ് സാരി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണങ്ങളും വരുന്നത്.

പാലക്കാട്ട്  ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനെ ചോദ്യം ചെയ്ത ശോഭ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ക്കുന്നതും കാണാം. പണം ആദ്യം കൈപ്പറ്റിയെന്ന് മാധ്യമങ്ങളോട് സമ്മതിച്ച വയോധിക, ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പണം തന്നിട്ടില്ലെന്ന് നിലപാട് മാറ്റുകയും ചെയ്തു. ആരോപണം തളളി ബി.ജെ.പിയും രംഗത്തുണ്ട്. ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്ന് കണ്ടപ്പോഴുള്ള വ്യാജ ആരോപണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. വയോധികയുടെ കയ്യിലിരുന്നത് പെന്‍ഷന്‍ പണം ആണെന്നും ബി.ജെപി.

അതേസമയം, വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി ആവശ്യപ്പെട്ടു. ബിജെപി പരാജയം സമ്മതിച്ചിരിക്കുകയാണ്. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാനാകില്ലെന്നും  ബിജെപിയെയും അവരുടെ പണത്തെയും പാലക്കാട്ടുകാര്‍ തള്ളിക്കളയുമെന്നും ഷാഫി പറമ്പില്‍ കോഴിക്കോട്ട് പറഞ്ഞു. ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തമെന്ന് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

New allegations of electoral malpractice have surfaced in Palakkad as Congress and CPM accuse BJP workers of distributing sarees to women voters in Pirayiri. This follows a viral video showing BJP candidate Sobha Surendran's team allegedly handing cash to an elderly woman. While BJP leaders dismiss these as fake charges, MP Shafi Parambil has demanded the disqualification of Sobha Surendran. The Election Commission is closely monitoring the situation as the high-stakes silent period continues in Palakkad.