തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ‘ഡാഷ് മോൻ’ പരാമര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അല്‍പം കൂടി കഴിഞ്ഞിരുന്നെങ്കില്‍ പിണറായി ഡാഷ് പൂരിപ്പിച്ചേനെയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിന് അത് എത്രത്തോളം അപമാനമുണ്ടാക്കിയേനെയെന്നും വി.ഡി.സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ സമനില തെറ്റിയതിന് തെളിവെന്നും സതീശന്‍ പറഞ്ഞു. Also Read: 'ഡാഷ് മോനേ രേവന്താ, മറുപടി പിന്നാലെ വരുന്നുണ്ട്'; വിവാദ പ്രയോഗവുമായി പിണറായി .
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദപ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് നീ പോ മോനേ വിജയാ എന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
അതേസമയം, മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ അതീവ ഗുരുതരമെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്നും സതീശന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. ഒരേ പാർട്ടിയിലെ മുൻ മന്ത്രിക്കെതിരെയാണ് അതേ പാർട്ടിയിലെ മന്ത്രി ആരോപണം ഉന്നയിക്കുന്നത്. മാത്യു ടി തോമസ് ഇപ്പോള്‍ മന്ത്രിയല്ലെങ്കിലും അദ്ദേഹത്തിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.