തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ സര്‍ക്കാരിനെതിരെയും മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെയും ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍. 2018 ല്‍ കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്നും പിണറായി സര്‍ക്കാരാണ് ഉത്തരവാദിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കെ കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ നേതാവുമായി സംസാരിക്കുന്ന ശബദ്സന്ദേശവും ആരോപണത്തിന് മൂര്‍ച്ച കൂട്ടി കുഴല്‍നാടന്‍ പുറത്തുവിട്ടു. 2018-ലെ മഹാപ്രളയം പ്രകൃതിക്ഷോഭം എന്നതിലുപരി സർക്കാരിന്റെയും പ്രത്യേകിച്ചും കരിമണൽ ലോബിയുടെയും സാമ്പത്തിക ലാഭത്തിനായി സൃഷ്ടിച്ച ഒന്നാണെന്നാണ് കുഴൽനാടന്റെ വാദം. ഇതിന് തെളിവായി നിലവിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു.
തോട്ടപ്പള്ളി സ്പിൽവേയും കരിമണൽ കൊള്ളയും
തോട്ടപ്പള്ളി സ്പിൽവേ കൃത്യസമയത്ത് തുറക്കാതിരുന്നത് മനപ്പൂർവ്വമാണെന്ന് കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു. സ്പിൽവേ തുറന്നാൽ അവിടുത്തെ കരിമണൽ കടലിലേക്ക് ഒലിച്ചുപോകും. ഈ മണൽ ഖനനം ചെയ്ത് കോടികൾ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കരാറുകാർക്ക് വേണ്ടിയാണ് വെള്ളം തുറന്നുവിടുന്നത് വൈകിപ്പിച്ചത്. ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്ന സ്പിൽവേ അധികൃതർ തടഞ്ഞുവെച്ചതിലൂടെ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കാനും പിന്നീട് പ്രളയമുണ്ടാകാനും കാരണമായെന്ന് അദ്ദേഹം പറയുന്നു.
മണിയാർ പ്രോജക്റ്റിലെ ക്രമക്കേട്
പമ്പാ നദിക്ക് മുകളിലുള്ള മണിയാർ ഇറിഗേഷൻ പ്രോജക്റ്റിൽ സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടി വെള്ളം അനാവശ്യമായി നിറച്ചു. വെള്ളം തുറന്നുവിടേണ്ട ഘട്ടത്തിൽ ഷട്ടറുകൾ താഴ്ത്തി വെള്ളം കെട്ടിനിർത്തിയത് വഴി എട്ടു കോടിയോളം രൂപയുടെ ലാഭം സ്വകാര്യ കമ്പനികൾക്ക് ഉണ്ടാക്കിക്കൊടുത്തു. പിന്നീട് വെള്ളം നിയന്ത്രണാതീതമായപ്പോൾ സ്ലൂയിസ് ഷട്ടറുകൾ തുറന്നത് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചെളിയും വെള്ളവും ഇരച്ചുകയറാൻ കാരണമായെന്നും ആരോപണമുണ്ട്.
പറമ്പിക്കുളം - ചാലക്കുടി പ്രളയം
പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിലെ വെള്ളം തമിഴ്‌നാട്ടിലേക്ക് വിടാതെ കേരളത്തിലേക്ക് ഒഴുക്കിവിട്ടതാണ് ചാലക്കുടി ഭാഗത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്ന് ശബ്ദരേഖയിൽ പറയുന്നു. തമിഴ്‌നാട്ടിലെ ചില നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമായാണ് ഈ വെള്ളം കേരളത്തിലേക്ക് തിരിച്ചുവിട്ടത്. ഡാം മാനേജ്‌മെന്റിലെ ഇത്തരം വീഴ്ചകൾ വൻകിട കരാറുകാർക്ക് കോടികളുടെ ലാഭമുണ്ടാക്കി കൊടുത്തപ്പോൾ സാധാരണ ജനങ്ങൾ പ്രളയക്കെടുതിയിൽ അകപ്പെടുകയായിരുന്നു.
"റൂൾ കർവ്" ലംഘനം
ഡാമുകളിൽ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ (Rule Curve) ഉണ്ട്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ലാഭേച്ഛയോടെ പ്രവർത്തിച്ചതാണ് പ്രളയത്തിന്റെ തീവ്രത കൂട്ടിയത്. ഈ വിഷയത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ പുറത്തുവന്ന ഈ വെളിപ്പെടുത്തലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഇതിന് മറുപടി നൽകാൻ സർക്കാരും സിപിഎമ്മും ബാധ്യസ്ഥരാണെന്നും കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും കുഴൽനാടൻ വ്യക്തമാക്കി. കരിമണൽ ഖനനവും ഡാം മാനേജ്‌മെന്റും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുക്കെട്ട് കേരളം അനുഭവിച്ച ഏറ്റവും വലിയ ദുരന്തത്തിന് പിന്നിലുണ്ടെന്ന വാദമാണ് മാത്യു മുന്നോട്ട് വയ്ക്കുന്നത്.