നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ ആർഡിഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. താൻ കൊലക്കേസ് പ്രതിയാണെന്ന് കാട്ടി മണ്ഡലത്തിൽ വ്യാപകമായി വ്യാജ ലഘുലേഖകൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സ്ഥാനാർത്ഥി പ്രതിഷേധിച്ചത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു എന്നാണ് പരാതി.
താൻ ഒരു കൊലക്കേസിലും പ്രതിയല്ലെന്നും തന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. രാഷ്ട്രീയ എതിരാളികൾ പരാജയഭീതി മൂലം വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ആർഡിഒ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥർ ഇടപെട്ട് ലഘുലേഖകൾ പിടിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അടൂർ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനിടെയാണ് ഇത്തരമൊരു വിവാദം ഉയർന്നിരിക്കുന്നത്.