tp-ramakrishnan-ldf

കോഴിക്കോട് പേരാമ്പ്രയിലെ അനൗണ്‍സ്മെന്‍റ് വിവാദത്തില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി.രാമകൃഷ്ണന്‍. സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടയല്ല അനൗണ്‍സ്മെന്‍റ് ഉണ്ടായത്. തെറ്റായ രീതിയില്‍ അനൗണ്‍സ്മെന്‍റ് പോകുന്നുണ്ടെന്ന് മനസിലായ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും  വിശദീകരണത്തില്‍ പറയുന്നു. മതവിദ്വേഷ പ്രചാരണം എല്‍ഡിഎഫിന്‍റെ നയമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മറുപടി പരിശോധിച്ച ശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

'പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ കൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്' എന്നായിരുന്നു വിവാദ അനൗണ്‍സ്​മെന്‍റ്. വിവാദ അനൗണ്‍സ്മെന്‍റിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി നല്‍കിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. എല്‍ഡിഎഫിന്‍റെ ഇത്തരത്തിലെ വര്‍ഗീയ പ്രചാരണം പരാജയഭീതി മൂലമെന്നായിരുന്നു ലീഗിന്‍റെ പ്രതികരണം. സമുദായത്തിന്‍റെ പേരില്‍ വോട്ടുചോദിച്ചെന്ന യുഡിഎഫിനെതിരായ പരാതിയില്‍ സ്ഥാനാര്‍ഥി ഫാത്തിമ ത​ഹ്​ലിയയയും ഇന്ന് വിശദീകരണം നല്‍കും. 

തുടക്കത്തില്‍ ലീഗോ ഫാത്തിമ തഹ്​ലിയയോ ഈ ആരോപണം ഉന്നയിച്ചിരുന്നില്ല. കോണ്‍ഗ്രസാണ് ആദ്യം പരാതിയുമായി മുന്നോട്ട് വന്നത്. പിന്നാലെ ലീഗ് ഏറ്റെടുക്കുകയായിരുന്നു. വര്‍ഗീയ പ്രചാരണത്തില്‍ ബിജെപിയെ മറികടക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ലീഗ്  സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമും ആരോപിച്ചിരുന്നു. നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും എല്ലാം ഇടത് സ്ഥാനാര്‍ഥി അറിഞ്ഞിട്ടാണെന്നുമായിരുന്നു ഫാത്തിമ തഹ്​ലിയയുടെ പ്രതികരണം.

ENGLISH SUMMARY:

LDF candidate TP Ramakrishnan has responded to the Election Commission regarding the controversial announcement in Perambra. He stated that the communal remarks were made without the knowledge of the candidate or the front and were halted immediately upon notice. The controversy erupted after an LDF campaign vehicle allegedly made communal remarks against UDF candidate Fathima Thahlia. While UDF has submitted CCTV evidence to the EC, Thahlia is also expected to clarify allegations of seeking votes on communal grounds. The Election Commission is currently reviewing the responses from both sides.