wayanad-rehabilitation-political

വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാജു പി നായരും സിപിഎം നേതാവ് തോമസ് ഐസക്കും തമ്മില്‍ ഫെയ്സ്ബുക്കില്‍ പോര്. താൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്ത പണത്തിന്‍റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നുവെന്നും, കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യമെന്നും  രാജു പി നായര്‍ കുറിച്ചു. 

കോണ്‍ഗ്രസിന്‍റെ ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയതെന്ന് തോമസ് ഐസക് കുറിച്ചു. കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയത് വലിയ സേവനമാണ്. വയനാട് ദുരന്തത്തിന്റെ പേരിൽ സിപിഎം പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനൽ ചർച്ചയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഎമ്മിന്  ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.– തോമസ് ഐസക് തിരിച്ചടിച്ചു. 

രാജു പി നായരുടെ ഫെയ്സ്ബുക്ക് കുറിപ്പ് 

വയനാട് പുനരധിവസവുമായി ബന്ധപ്പെട്ട് സർക്കാരിനോടും സി.പി.എമ്മിനോട് ഏഴ് ചോദ്യങ്ങൾ

1. CMDRF ൽ കൂടി അല്ലാത്ത വയനാട് ടൗൺഷിപ്പിന്റെ പേരിൽ പ്രോജെക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു? 

2. ടൗൺഷിപ്പിനായി ഊരാളുങ്കൽ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടർ പോലുമില്ലാതെ നൽകിയത്?

3. കരാർ പ്രകാരം എന്തൊക്കെ പ്രവർത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങളെ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാർ രേഖ പുറത്ത് വിടാൻ തയ്യാറുണ്ടോ?

4. ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാൻ പറഞ്ഞതിന് ശേഷം CPM കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാർട്ടിയുടെ അക്കൗണ്ടിൽ എന്ത് കൊണ്ട് പണം പിരിച്ചു? ഞാൻ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളിൽ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാൻ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം.

5. DYFI എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയിൽ പണം നൽകാതെ PIU വിൽ നൽകി? എങ്ങനെ ആണ് DYFI യുടെ പണം CSR ആയി രേഖപ്പെടുത്തപ്പെട്ടത്? 

6. DYFI ക്ക് വേണ്ടി ആ 20 കോടി നൽകിയത് ഊരാളുങ്കൽ സോസൈറ്റി ആണോ? 

7. എന്ത് കൊണ്ട് രണ്ട് വർഷത്തോട് അടുക്കുമ്പോഴും ഒരാൾക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു? 

ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എം. അവർ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചു വയ്ക്കുന്നതിന് വേണ്ടി ആ കുറ്റം കോൺഗ്രസിൽ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നത്. 

തോമസ് ഐസക്കിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് 

കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയത് വലിയ സേവനമാണ്. വയനാട് ദുരന്തത്തിന്റെ പേരിൽ സിപിഐ(എം) പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനൽ ചർച്ചയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഐ(എം) ന് ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. 

ചോദ്യം ഉന്നയിച്ച് അരമണിക്കൂറിനുള്ളിൽ പാർടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കി. കേരളത്തിൽ സിപിഐ(എം) ജനങ്ങളിൽ നിന്ന് ദുരന്തഫണ്ട് ശേഖരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു പ്രചാരണം നടത്തുകയാണ് ചെയ്തത്. ഡിവൈഎഫ്ഐ ആക്രിവിറ്റും, ചലഞ്ചുകൾ നടത്തിയും കൂലിവേല ചെയ്തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രസീതുകളും പുറത്തുവിട്ടു. 

സ്വാഭാവികമായി ചോദ്യം ഉയർന്നു. കോൺഗ്രസ് എത്രയാണ് പിരിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി പ്രസിഡന്റിന് കഴിയാത്ത അവസ്ഥയായി. അദ്ദേഹം പറഞ്ഞ കണക്കുകൾ ഇതാണ്: ആകെ സമാഹരിച്ച തുക 5.38 കോടി രൂപ. 

ചെലവ് ഇങ്ങനെ - പണം പിരിക്കാനുള്ള ആപ്പിനു വേണ്ടി 9.30 ലക്ഷം രൂപ, ഭൂമി വാങ്ങിയതിന് രജിസ്ട്രേഷൻ ഫീസ് അടക്കം 6.18 കോടി രൂപ. ഇനി വീട് പണിയാനുള്ള പണം കോൺഗ്രസിന്റെ കൈയിൽ ഇല്ല.

ആകെ പിരിച്ച തുക സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയാൻ മണിക്കൂർ പോലും വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വൻതുകകൾ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകൾ നൽകിയതിന്റെയും വിവരങ്ങൾ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ ഒരു സ്ക്രീൻഷോട്ടാണ്. അതുവഴി മാത്രം 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാൾ മുമ്പ് ആപ്പ് പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി. 54 കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാൽ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല. 

കോൺഗ്രസ് നടത്തിയ വലിയൊരു തീവെട്ടിക്കൊള്ളയുടെ പിന്നാമ്പുറമാണ് നമ്മുടെ കൺമുന്നിൽ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നത്. ശരിക്കും ശവംതൂക്കികൾ!

100 വീട് പണിതുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. കോൺഗ്രസിനെ വിശ്വസിച്ച് സർക്കാർ വീട് വേണ്ടായെന്ന് പ്രസ്താവന നൽകി, ഒട്ടനേകം കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി. അവർ ഇന്ന് വഴിയാധാരമാണ്.  

വീട് പണിയുന്നതിനുള്ള കാലതാമസത്തിനു കാരണം കോൺഗ്രസ് പറഞ്ഞത് സർക്കാർ ഭൂമി നൽകിയില്ലാ എന്നുള്ളതായിരുന്നു. എന്നാൽ സർക്കാരിനോട് ഭൂമി ചോദിക്കുകയോ, അത് നൽകാമെന്ന് സർക്കാർ ഒരിക്കലും പറയുകയോ ചെയ്തിട്ടില്ലായെന്നതും വ്യക്തമായി. 

വിവാദം കനത്തപ്പോൾ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കല്ലിടുകയും ചെയ്തു. കല്ലിട്ടല്ലാതെ നൂറ് ദിവസം കഴിഞ്ഞിട്ടും കല്ലിന്മേൽ മറ്റൊരു കല്ല് വയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതിനിടയിൽ വീടിന്റെ നിർമ്മാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു. മാധ്യമങ്ങൾ ഈ കളവ് തുറന്നു കാണിച്ചു. ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ചെയ്തു. അവസാനം ഇപ്പോൾ കെപിസിസി പ്രസിഡന്റ് സത്യം തുറന്നു പറഞ്ഞു. വീട് പണിയാനുള്ള പണം കൈയിൽ ഇല്ല.

പണം കൈയിൽ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിർദ്ദേശ പത്രിക വന്നപ്പോൾ എല്ലാവർക്കും ബോധ്യമായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകൽക്കൊള്ളയാണ് ഇതെന്നു വ്യക്തം. 

തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാൻ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്ക്രീൻഷോട്ട് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അത് വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു? 

ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇന്ന് കേരളത്തിനുണ്ട്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും.   

 

 

 

ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കുടകില്‍ ട്രക്കിങ്ങിനെ കാണാതായത് നാല് ദിവസം മുന്‍പ് 

 

 

ശരണ്യയെ കണ്ടെത്തി; കാണാതായത് വന്യമൃഗങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ കറങ്ങുന്ന വനപാതയില്‍ 

 

കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി. നാലാം ദിവസവും തുടര്‍ന്ന തിരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്. കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യയെ ഏപ്രിൽ രണ്ടിന് ഉച്ചയോടെയാണ് കാണാതായത്. തനിച്ച് ട്രക്കിങ്ങിന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം പത്തംഗ സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. 

എന്നാൽ കൊടുംകാട്ടിൽ വച്ച് വഴിതെറ്റിയതായി യുവതി പിതാവിനെ ഫോണിൽ അറിയിച്ചിരുന്നു.കുടക് എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ്, വനംവകുപ്പ്, നക്സൽ വിരുദ്ധ സേന എന്നിവരടങ്ങുന്ന അമ്പതംഗ സംഘമാണ് ഡ്രോണുകളുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തിരച്ചിൽ നടത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയാണ് തടിയന്‍ഡ മോള്‍. ആന അടക്കമുള്ള വന്യമൃഗങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെയിറങ്ങുന്ന വനപാത. പകല്‍ പോലും കൊടയിറങ്ങുന്ന പ്രദേശം.

ശരണ്യയെ വേഗത്തിൽ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും കർണാടക സർക്കാരുമായി ബന്ധപ്പെട്ട് തിരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ടിരുന്നു.ഏപ്രിൽ രണ്ടിന് പത്തംഗ സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയ ശരണ്യയെ ഉച്ചയോടെയാണ് കാണാതായത്. 

 

ENGLISH SUMMARY:

Wayanad rehabilitation has become a focal point of a heated online debate between Congress leader Raju P Nair and CPM leader Thomas Isaac. The controversy centers on allegations of financial impropriety regarding funds collected for Wayanad's rehabilitation efforts, with both sides exchanging accusations and demanding transparency.