കണ്ണൂരിലെ വിമത സ്ഥാനാർത്ഥികളെ പേരെടുത്ത് പറയാതെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദൻ അവസരവാദത്തിന്റെ മൂർത്തീരൂപമാണെന്നും കുറ്റപ്പെടുത്തി.
പാർട്ടി കോട്ടയിൽ നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടത്തെ സാക്ഷി നിർത്തിയായിരുന്നു കടുത്ത വാക്കുകളിലുള്ള മുന്നറിയിപ്പ്. മുൻ ഏരിയ സെക്രട്ടറി കൂടിയായ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞി കൃഷ്ണൻ ഒരു ചലനവും ഉണ്ടാക്കില്ല. അണ പൈസക്ക് പോലും കണക്ക് വച്ച മുൻകാല നേതൃത്വത്തിന്റെ തുടർച്ചയാണ് നിലവിലെ ഏരിയ കമ്മിറ്റിയെന്ന് പറഞ്ഞു രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അണികൾക്ക് മുൻപിൽ പൂർണമായി തള്ളി.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥനാർഥിത്വം ഏറെ ആലോചിച്ചെടുത്ത തീരുമാനം ആണന്ന് ആവർത്തിച്ച മുഖ്യമന്ത്രി ടി.കെ. ഗോവിന്ദൻ അവസരവാദിയാണെന്ന് കുറ്റപ്പെടുത്തി. കൂടെ നടന്ന് പാർട്ടിയെ വഞ്ചിച്ചയാൾക്ക് യു.ഡി.എഫുകാർ പോലും വോട്ട് ചെയ്യില്ലെന്നും പറഞ്ഞു വച്ചു.
പാർട്ടി ഓഫീസിൽ തിരിച്ചറിയൽ കാർഡ് നിർമാണം നടക്കുന്നുവെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് പയ്യന്നൂരിലോ തളിപ്പറമ്പിലോ, ജില്ലയിലെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ വച്ചോ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.