നിയമസഭാ തിരഞ്ഞെടുപ്പിലെ വിഐപി മണ്ഡലങ്ങളില്‍ ഒന്നാമത്തേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടമാണ്. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ധര്‍മടം രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നയിടം കൂടിയാണ്. തുടര്‍ച്ചയായി മൂന്നാമതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എല്‍ഡിഎഫിനായി കളം നിറയുമ്പോള്‍, യുഡിഎഫ് പടയാളിയായി വി.പി.അബ്ദുല്‍ റഷീദും എന്‍ഡിഎയ്ക്കായി കെ.രഞ്ജിത്തും ജനവിധി തേടുന്നു.
കെ.രഞ്ജിത്ത് (ഇടത്തേയറ്റം), വി.പി.അബ്ദുല്‍ റഷീദ്, പിണറായി വിജയന്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇങ്ങനെ: 2021ല്‍ 50,123 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ജയം. യുഡിഎഫിലെ സി.രഘുനാഥിന് 28 ശതമാനം വോട്ടും, എന്‍ഡിഎയുടെ സി.കെ. പത്മനാഭന് 9.13 ശതമാനം വോട്ടുമാണ് അന്ന് ലഭിച്ചത്. ഏകദേശം 84 ശതമാനത്തിനടുത്തായിരുന്നു 2021ലെ പോളിങ്.
തലശ്ശേരി ബ്ലോക്കിലെ ധര്‍മടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും എടക്കാട് ബ്ലോക്കിലെ ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ആകെ 1,93,486 വോട്ടര്‍മാര്‍. ഇതില്‍ 1,03,712 സ്ത്രീകളും 89,772 പുരുഷന്മാരും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമുണ്ട്. 139 ബൂത്തുകളില്‍ വോട്ടുചെയ്യാന്‍ ജനം വരിനില്‍ക്കുമ്പോള്‍ സിപിഎമ്മിന് ഒരു ആശങ്കയുമില്ല. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറയുമോ കൂടുമോ എന്നാണ് അവരുടെ നോട്ടം. എന്നാല്‍ വെല്ലുവിളി എത്ര വലുതായാലും ശ്രദ്ധേയമായ പോരാട്ടം ഉറപ്പിക്കാന്‍ തന്നെയാണ് യുഡിഎഫിന്‍റെ ശ്രമം.
രാജീവ് ചന്ദ്രശേഖര്‍, കെ.എസ്.ശബരീനാഥന്‍, വി.ശിവന്‍കുട്ടി
നെഞ്ചിടിച്ച് നേമം: കേരളം ഉറ്റുനോക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടം എവിടെയെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു-നേമം! കരുത്തുറ്റ ത്രികോണ മത്സരത്തിന്റെ കേന്ദ്രം. മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിംഗ് എംഎല്‍എ വി. ശിവന്‍കുട്ടി. പൂട്ടിയ അക്കൗണ്ട് തുറക്കാനുറപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവ് നിയമസഭാമണ്ഡലത്തിലും ആവര്‍ത്തിക്കാന്‍ ഉറപ്പിച്ച് യുവമുഖം കെ.എസ്.ശബരീനാഥനെ രംഗത്തിറക്കും കോണ്‍ഗ്രസും. നേര്‍ക്കുനേര്‍ പോരാട്ടം ആരൊക്കെ തമ്മിലെന്ന് ചോദിച്ചാല്‍ ബിജെപിയും ശിവന്‍കുട്ടിയും തമ്മിലെന്ന് പറയേണ്ടിവരും.
നേമത്തിന്‍റെ ചരിത്രം നോക്കിയാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ആദ്യ അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇടതുപാര്‍ട്ടികളും സോഷ്യലിസ്റ്റ് പാര്‍ട്ടികളും നേമത്ത് വെന്നിക്കൊടി പാറിച്ചു. മണ്ഡലം രൂപീകരിച്ച 1977 ല്‍ എസ്. വരദരാജന്‍ നായരിലൂടെ കോണ്‍ഗ്രസ് നേമം പിടിച്ചു. 2016 ല്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത് വരെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ജയിച്ചു. മണ്ഡല പുനര്‍നിര്‍ണയം എല്‍ഡിഎഫ് വോട്ടുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെങ്കിലും കോണ്‍ഗ്രസ് ശോഷിക്കുകയും ബിജെപി ശക്തിയാര്‍ജിക്കുകയും ചെയ്തു.
2011-ല്‍ ജയിച്ച ശിവന്‍കുട്ടി 2016-ല്‍ ഒ.രാജഗോപാലിനോട് തോറ്റു. കോണ്‍ഗ്രസ് വോട്ടുകളിലെ ചോര്‍ച്ചയാണ് അന്ന് ബിജെപിയെ തുണച്ചതെന്ന ആരോപണം ശക്തമാണ്. കോര്‍പ്പറേഷന്‍ ഭരണം കയ്യിലുള്ള ആത്മവിശ്വാസത്തില്‍ 40 ശതമാനത്തിലേറെ ഉറച്ച വോട്ടുകള്‍ ഇത്തവണയും ബിജെപി പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം നഗരസഭയിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നേമത്ത് 1,69,371 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,553 സ്ത്രീകളും 81,809 പുരുഷന്മാരും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ട്. 209 പോളിംഗ് സ്റ്റേഷനുകളിലായി ഇവര്‍ കുറിക്കുന്ന ജനവിധി ആര്‍ക്കൊപ്പമാകും? വികസനം പറയുന്ന എല്‍ഡിഎഫും, മാറ്റം ആവശ്യപ്പെടുന്ന ബിജെപിയും തിരിച്ചുവരവിന് പൊരുതുന്ന കോണ്‍ഗ്രസും നേര്‍ക്കുനേര്‍ വരുമ്പോള്‍ നേമം ആരെ തുണയ്ക്കും? മേയ് നാലിനറിയാം.
എന്‍.എം.ആര്‍.റസാഖ്, ശോഭ സുരേന്ദ്രന്‍, രമേഷ് പിഷാരടി
പാലക്കാടന്‍ കാറ്റെങ്ങോട്ട്? പാലക്കാട്ട് ഇപ്പോള്‍ അടിമുടി ചൂടാണ്. തിരഞ്ഞടുപ്പിന്‍റെ ചൂട് കാലാവസ്ഥയെക്കാള്‍ ഇത്തരി കൂടുതലാണെന്ന് പറയാം. രാഹുല്‍ മാങ്കൂട്ടത്തില്‍ വരുത്തിവച്ച ക്ഷീണം മറികടക്കാന്‍ കോണ്‍ഗ്രസ് രമേഷ് പിഷാരടിയുടെ ജനപ്രീതി മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇത്തവണ മുന്നോട്ടുപോകുന്നത്.
മുഴുവന്‍ സമയരാഷ്ട്രീയക്കാരെക്കാള്‍ ആത്മവിശ്വാസത്തോടെ പിഷാരടി കളംനിറയുമ്പോള്‍ രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാമതെത്താന്‍ കരുത്തയായ ശോഭ സുരേന്ദ്രനെയാണ് ബിജെപി ആശ്രയിക്കുന്നത്. റസ്റ്റന്‍റ് ശൃംഖലയുടെ ഉടമയായ എന്‍.എം.ആര്‍.റസാഖിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസവും കാണാതിരിക്കാനാവില്ല.
മണ്ഡല രൂപീകരണം മുതല്‍ പാലക്കാട് എട്ടുതവണ കോണ്‍ഗ്രസിനെ തുണച്ചു. നാലുവട്ടം എല്‍ഡിഎഫ് ജയിച്ചുകയറി. 2011നുശേഷം കോണ്‍ഗ്രസ് തോല്‍വിയറിഞ്ഞിട്ടില്ല.
1996 മുതല്‍ ഓരോ തിരഞ്ഞെടുപ്പിലും പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ടുവിഹിതം ഇടിയുകയാണ്. 43 ശതമാനത്തില്‍ നിന്ന് 24 ശതമാനത്തിലേക്ക് ഇടതുപക്ഷം കൂപ്പുകുത്തിയപ്പോള്‍ (1996-43.20, 2001- 38.77, 2006-36.97, 2011-35.82, 2016-28.07, 2021-25.64, 2024-24.52), 2016-ല്‍ ശോഭ സുരേന്ദ്രന്‍ ആദ്യമായി ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചു. 2024-ലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി തന്നെയായിരുന്നു രണ്ടാമത്.
പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളും ചേരുന്ന മണ്ഡലത്തില്‍ 1,74,179 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 89,470 സ്ത്രീകളും 84,706 പുരുഷന്മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ട്. മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ കോണ്‍ഗ്രസ് പാലക്കാടന്‍ കോട്ട കാക്കുമോ? ബിജെപി കാത്തിരുന്ന വിജയം ഇക്കുറി എത്തുമോ? അതോ എല്‍ഡിഎഫ് അത്ഭുതം സൃഷ്ടിക്കുമോ? പാലക്കാട്ടുകാരെക്കാള്‍ അക്കാര്യത്തില്‍ ആകാംക്ഷ രാഷ്ട്രീയ കേരളത്തിനാകെയുണ്ട്.
സണ്ണി ജോസഫ്, കെ.കെ.ശൈലജ,പൈലി വാത്തിയോട്ട്
മലയോരത്ത് മാസ് പോര്: കണ്ണൂരിലെ മലയോര മണ്ഡലമായ പേരാവൂരില്‍ ഓരോ ദിവസവും മുറുകുന്ന തീപാറും പോരാട്ടമാണ്! കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയെങ്കിലും ഇടതുപക്ഷത്തെയും ചേര്‍ത്തുപിടിച്ച ചരിത്രമുള്ള മണ്ഡലം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കും?
'പുഷ്പം പോലെ ജയിച്ചുകയറും' എന്ന ആത്മവിശ്വാസത്തില്‍ സിറ്റിംഗ് എം.എല്‍.എയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഇറക്കാവുന്ന ഏറ്റവും കരുത്തയായ സ്ഥാനാര്‍ഥിയെയാണ് സിപിഎം പേരാവൂരിലെത്തിച്ചത്. കെ.കെ.ശൈലജയെ. 2006ല്‍ പേരാവൂര്‍ പിടിച്ച ചരിത്രം ശൈലജ ടീച്ചര്‍ക്കുണ്ട്. പൈലി വാത്തിയോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
2011 മുതല്‍ സണ്ണി ജോസഫാണ് പേരാവൂരിന്റെ എംഎല്‍എ. ഇതിനുമുന്‍പ് ശൈലജ ടീച്ചറും സണ്ണി ജോസഫും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 3,415 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സണ്ണി ജോസഫിന്റെ ജയം. എന്നാല്‍ 2011 മുതല്‍ എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ ക്രമമായ വര്‍ധനവ് ഉണ്ടാകുന്നത് കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്ന ഘടകമാണ്.
ആറളവും കൊട്ടിയൂരും ഉള്‍പ്പെടെ എട്ട് പഞ്ചായത്തുകള്‍ ചേരുന്ന പേരാവൂരില്‍ 1,80,685 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 91,766 സ്ത്രീകളും 88,918 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫിന് ആധിപത്യമുണ്ടെങ്കിലും ടീച്ചറുടെ കരുത്തില്‍ മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നു.
അമ്പലപ്പുഴ ആര്‍ക്ക് 'കൈ' കൊടുക്കും? പുന്നപ്രയുടെ വിപ്ലവവീര്യമുറങ്ങുന്ന അമ്പലപ്പുഴയില്‍ സിപിഎമ്മിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭിമാനപ്പോരാട്ടങ്ങളിലൊന്നാണ് നടക്കുന്നത്. ഇടതുകോട്ട കാക്കാന്‍ രംഗത്തുള്ള സിറ്റിംഗ് എം.എല്‍.എ എച്ച്.സലാം നേരിടുന്നത് 60 വര്‍ഷം സിപിഎമ്മിന്‍റെ തേരാളിയായിരുന്ന മുന്‍ മന്ത്രി ജി. സുധാകരനെയാണ്.
എച്ച്.സലാം,ജി.സുധാകരന്‍, അരുണ്‍ അനിരുദ്ധന്‍
സലാമിന് ഗുരുസ്ഥാനീയനായ ജി. സുധാകരന്‍ സ്വതന്ത്രനായി രംഗത്തുവന്നപ്പോള്‍ യുഡിഎഫിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം യുഡിഎഫ് സ്വതന്ത്രനാണ്. വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ അരുണ്‍ അനിരുദ്ധനെ കളത്തിലിറക്കി എന്‍ഡിഎയും ശ്രമിക്കുന്നുണ്ട്.
രണ്ടുവട്ടം വിഎസിനെയും (1967, 1970) ഒരിക്കല്‍ സുശീല ഗോപാലനെയും (1996) മൂന്നുതവണ ജി.സുധാകരനെയും (2006, 2011, 2016) നിയമസഭയിലെത്തിച്ച മണ്ഡലമാണ് അമ്പലപ്പുഴ. ആലപ്പുഴ നഗരസഭയിലെ 20 മുതല്‍ 44 വരെയുള്ള വാര്‍ഡുകള്‍, അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുറക്കാട് പഞ്ചായത്തുകള്‍ എന്നിവയിലുള്‍പ്പെട്ട 1,69,826 വോട്ടര്‍മാരാണ് നിയമസഭാമണ്ഡലത്തിലുള്ളത്. 86,975 സ്ത്രീകളും 82,849 പുരുഷന്മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും.
ഭരണം കിട്ടിയാലും അമ്പലപ്പുഴ പോയാല്‍ തിരിച്ചടി' എന്ന എം.വി. ഗോവിന്ദന്റെ വാക്കുകളില്‍ തന്നെയുണ്ട് മത്സരത്തിന്റെ ഗൗരവം. കഴിഞ്ഞ തവണ 11,125 വോട്ടുകള്‍ക്ക് ജയിച്ച എച്ച്. സലാമിന്, സുധാകരന്റെ ജനകീയതയും കോണ്‍ഗ്രസ് വോട്ടുകളും ചേരുന്ന വലിയ വെല്ലുവിളിയാണ് മറികടക്കാനുള്ളത്. അമ്പലപ്പുഴ ചെങ്കൊടി ചേര്‍ത്തുപിടിക്കുമോ? അതോ ജി. സുധാകരന് 'കൈ' കൊടുക്കുമോ? പുന്നപ്രയുടെ മണ്ണ് ആര്‍ക്കൊപ്പം നില്‍ക്കും? വോട്ടെണ്ണും വരെ കേരളം ശ്വാസമടക്കി കാത്തിരിക്കും!