ഉറച്ച സിപിഎം കോട്ടയായ കല്ല്യാശേരിയില്‍ രണ്ടാം അങ്കത്തിലാണ് സിറ്റിങ് എംഎല്‍എ, എം.വിജിന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇക്കുറിയും വിജയിക്കുമെന്നാണ് വിജിന്‍റെ ആത്മവിശ്വാസം. ഭയപ്പെടുത്തിയാണ് സിപിഎം മണ്ഡലത്തില്‍ സ്വാധീനമുണ്ടാക്കിയതെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജീവന്‍ കപ്പച്ചേരിയുടെ ആരോപണം.

2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ നിലവില്‍ വന്നതാണ് കല്ല്യാശേരി നിയോജക മണ്ഡലം. 2011ലും, 2016ലും ടി.വി രാജേഷായിരുന്നു കല്ല്യാശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. സിപിഎമ്മിലെ യുവമുഖങ്ങളിലൊരാളായ എം. വിജിന്‍ 2021ല്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 44000–ല്‍ അധികം ഭൂരിപക്ഷം. ഇക്കുറി അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് ഇടതുക്യാമ്പിന്‍റെ പ്രതീക്ഷ. സിപിഎമ്മിന്‍റെ ഉറച്ചകോട്ടയായ കല്ല്യാശേരിയില്‍ ഇടതുപക്ഷത്തിന് ഒരു വെല്ലുവിളിയുമുണ്ടാകില്ല.

കഴിഞ്ഞ മൂന്ന് തവണയായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വലിയ പ്രകടനം കാഴ്ചവെച്ചിട്ടില്ല മണ്ഡലത്തില്‍.  മൂവായിരത്തിലധികം വോട്ടുകള്‍ മാത്രമാണ് 2021 ലെ തിരഞ്ഞെടുപ്പില്‍ മുമ്പത്തേതില്‍ നിന്ന് അധികം നേടാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നത്. ഇത്തവണ ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ കപ്പച്ചേരിയാണ് യുഡിഎഫിന്‍റെ അമരത്ത്. യുഡിഎഫ് മണ്ഡലത്തില്‍ വിജയിച്ചുകയറുമെന്നും സിപിഎം ആളുകളെ ഭയപ്പെടുത്തിയുണ്ടാക്കിയ സ്വാധീനം അവസാനിച്ചെന്നും രാജീവന്‍ കപ്പച്ചേരി. മുന്‍ കോണ്‍ഗ്രസ് നേതാവും മൂന്ന് വര്‍ഷം മുമ്പ് ബിജെപിയിലെത്തി ജില്ലാ വൈസ് പ്രസിഡന്‍റുമായ എ.വി സനിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പുകളില്‍ പരമാവധി പതിനൊന്നായിരം വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎക്ക് നേടാനായത്.

ENGLISH SUMMARY:

Kalliassery constituency is a strong CPM stronghold where sitting MLA M. Vijin is confident of a large victory in his second attempt. UDF candidate Rajeevan Kappachery alleges that CPM has created influence in the constituency through fear.