തൃശൂര്‍ മുന്‍ മേയര്‍ എം.കെ.വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക് . കോണ്‍ഗ്രസിലേക്കുള്ള മടക്കം ഉപാധികളില്ലാതെയെന്ന് വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് പിന്തുണയോടെ അഞ്ചുവര്‍ഷം മേയറായിരുന്നു എ.കെ. വര്‍ഗീസ്. യുഡിഎഫ് വിമതനായിട്ടായിരുന്നു മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപി എംപിയെ പിന്തുണച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2024 ല്‍ എം.കെ. വർഗീസിന്റെ വീട്ടിലെത്തി അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേക്ക് സമ്മാനിച്ചതും വിവാദമായിരുന്നു
തൃശൂര്‍ കോര്‍പറേഷനില്‍ മേയറായി എം.കെ.വര്‍ഗീസും പ്രതിപക്ഷ നേതാവായി രാജന്‍ ജെ പല്ലനും പരസ്പരം കൊമ്പുകോര്‍ത്തത് അഞ്ചു വര്‍ഷമാണ്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി ജയിച്ച എം.കെ.വര്‍ഗീസ് അവസാനം മേയറായി. എല്‍.ഡി.എഫിന്‍റെ പിന്തുണയോടെ. ഇരുപത്തിനാലു കൗണ്‍സിലര്‍മാര്‍ വീതം ഇരുപക്ഷത്തും വന്നപ്പോള്‍ വര്‍ഗീസിന്‍റെ പിന്തുണ നിര്‍ണായകമായി. അങ്ങനെ, വര്‍ഗീസിനെ കൂട്ടുപിടിച്ച് അഞ്ചു വര്‍ഷം തൃശൂര്‍ കോര്‍പറേഷന്‍ എല്‍.ഡി.എഫ്. ഭരിച്ചു. അന്ന്, എം.കെ.വര്‍ഗീസിനേയും രാജന്‍ പല്ലനേയും പരസ്പരം അടികൂടുന്ന നേതാക്കളായാണ് തൃശൂരുകാര്‍ കണ്ടത്. ഇന്നിപ്പോള്‍, എം.കെ.വര്‍ഗീസ് പറയുന്നു... ‘‘ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍, ഒരു കുടുംബം, വഴക്കും വക്കാണവും രാഷ്ട്രീയപരമായി മാത്രം’’.
വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച അജൻഡ പൂർത്തിയാക്കാതെ കൗൺസിൽ പിരിച്ചുവിട്ടെന്ന് ആരോപിച്ച് മേയർ എം.കെ.വർഗീസിനെ ബന്ദിയാക്കി കോൺഗ്രസ്–ബിജെപി അംഗങ്ങൾ കഴിഞ്ഞ വര്‍ഷം നടത്തിയ സമരം കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ഒരു മണിക്കൂറോളം മേയറുടെ ചേംബറിനു മുൻപിൽ കിടന്നും ഇരുന്നും മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റിയാണ് പൊലീസും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന് മേയറെ അന്ന് പത്രസമ്മേളനത്തിനായി താഴത്തെ കൗൺസിൽ ഹാളിലേക്ക് ഇറക്കിയത്.