അപര സ്ഥാനാര്‍ഥികള്‍ക്കെതിരെ ഹൈക്കോടതി. അപരന്‍മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്നതിനായാണ്. അപരന്‍മാരെ നിയോഗിക്കുന്നത് തിരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നുവെന്നും വോട്ടര്‍മാരെ ഇത് ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വോട്ടിങ് മെഷീനിൽ തന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മൂന്ന് മുന്നണികളുടെയും പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണിയുണ്ട്. പലയിടത്തും ഇവരെ പിന്‍തിരിപ്പിക്കാന്‍ പാര്‍ട്ടികള്‍ ഊര്‍ജിത നീക്കം നടത്തിയെങ്കിലും ഫലം കണ്ടിച്ചില്ല.
അഞ്ജലി പി.വി. എന്നതുമാറ്റി താൻ അറിയപ്പെടുന്ന അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. ഇതിന് നിയമപ്രകാരം തനിക്ക് അവകാശമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്‍റെ പേര് അഞ്ജലി പി.വി. എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. തുടർന്ന് ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും അറിയിച്ചില്ല. തുടര്‍ന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഹർജിയിൽ അവർ വ്യക്തമാക്കുന്നു.
തൃപ്പൂണിത്തുറ ബിജെപി മല്‍സരിച്ചു വരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ഈ സീറ്റ് ട്വന്റി 20ക്കാണ് നൽകിയത്. ട്വന്‍റി 20 സ്ഥാനാര്‍ഥിയായാണ് അഞ്ജലി നായർ മത്സരിക്കുന്നത്. സിപിഎമ്മിന്റെ കെ.എൻ.ഉണ്ണികൃഷ്ണൻ ഇടതു സ്ഥാനാർഥിയും കോൺഗ്രസിന്റെ ദീപക് ജോയി യുഡിഎഫ് സ്ഥാനാർഥിയുമാണ്.