നേമത്തെ എസ്ഡിപിഐ പിന്തുണ തള്ളാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. സംഘടനകള്‍ അവരുടെ നിലപാട് അനുസരിച്ച് വോട്ട് ചെയ്യും. ആരെങ്കിലും വോട്ട് ചെയ്യരുതെന്ന് പറയാനോ പ്രകടന പത്രികയില്‍ എഴുതാനോ ആകില്ല. എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വി.ശിവന്‍കുട്ടിക്കുള്ള വോട്ട് രാജീവ് ചന്ദ്രശേഖറിന് വോട്ട് നല്‍കുന്നതിന് തുല്യമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ശിവന്‍കുട്ടി എസ്.ഡി.പി.ഐയുടെ കാലുപിടിക്കുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.
അതേസമയം, എസ്‍ഡിപിഐ ബന്ധത്തില്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരം നല്‍കുന്നില്ല. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ വെല്ലുവിളിച്ച വി.ഡി സതീശന്, മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് മറുപടി പറയുമോ എന്നാണ് ഉറ്റുനോക്കുന്നത്. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എസ്ഡിപിഐയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
അതേസമയം, അസത്യങ്ങളെ ചോദ്യം ചെയ്യണമെന്ന് അണികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. മിണ്ടാതിരിക്കരുതെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇടതുപക്ഷത്തിന്റെ കരുത്ത് വാര്‍ത്താസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല മറിച്ച് ജനഹൃദയങ്ങളില്‍ പതിഞ്ഞ വിശ്വാസത്തിലാണെന്നും പോസ്റ്റില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി എട്ടുദിവസമാണ് അവശേഷിക്കുന്നത്.