പാറശാലയില്‍ സിറ്റിംഗ് എം.എല്‍.എ സി.കെ ഹരീന്ദ്രന്‍റെ ജനപ്രീതിയില്‍ വിശ്വാസമര്‍പ്പിച്ച് ഇടത് മുന്നണി. ഹരീന്ദ്രന്‍റെ ജനപ്രീതി പി.ആര്‍ നിര്‍മ്മിതമാണെന്നും, മണ്ഡലത്തില്‍ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നെയ്യാറ്റിന്‍കര സനലിന്‍റെ വിശ്വാസം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ കണ്ട വോട്ട് വളര്‍ച്ച തുടരുമെന്നാണ് ബിജെപി പ്രതീക്ഷ.
നാട്യങ്ങളില്ലാത്ത നാട്ടുകാരന്‍. സി.കെ ഹരീന്ദ്രന് അനുയായികള്‍ നല്‍കുന്ന വിശേഷണം ഇതാണ്. ഈ പ്രതിഛായയാണ് പാറശാല മണ്ഡലത്തില്‍ സി.കെ ഹരീന്ദ്രനെ കരുത്തനാക്കുന്നത്. തുടര്‍ച്ചയായ രണ്ട് തവണ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച സി.കെ ഹരീന്ദ്രന്‍ മൂന്നാം ഊഴത്തിലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് മുന്നേറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.
ഹരീന്ദ്രനെ വീഴ്ത്താന്‍ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് കെ.പി.സി.സിയുടെ സംഘടന ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനലിനെയാണ്. ഭരണ വിരുദ്ധ വികാരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സനല്‍ പി.ആര്‍ നിര്‍മിതമാണെന്ന് പറഞ്ഞ് സി.കെ ഹരീന്ദ്രന്‍റെ ജനപ്രീതിയെ തള്ളിക്കളയുന്നു. 2011ല്‍ വെറും പതിനായിരം വോട്ട് മാത്രമാണ് പാറശാലയില്‍ ബിജെപി നേടിയത്. 2016ലും 21ലും അത് മുപ്പതിനായിരമായി ഉയര്‍ന്നു. ഈ വളര്‍ച്ച തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഗിരീഷ് നെയ്യാര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.