ഒന്‍പത് നിയമസഭാ സീറ്റുകളുള്ള ആലപ്പുഴ ജില്ലയില്‍ ഇക്കുറിയും യുഡിഎഫിന്‍റെ സ്വപ്നങ്ങള്‍ പൂവണിയാനിടയില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. ഇത്തവണ ആറുമുതല്‍ എട്ടുവരെ സീറ്റുകള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രവചനം. 2021ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ടുസീറ്റ് നേടിയിരുന്നു. യുഡിഎഫിന് ലഭിച്ചത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം. ഇക്കുറി ഒന്നുമുതല്‍ മൂന്ന് സീറ്റുകള്‍ വരെ യുഡിഎഫ് നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഇല്ല.

സീറ്റെണ്ണത്തില്‍ മാത്രമല്ല, വോട്ട് വിഹിതത്തിലും ഇടതുമുന്നണി യുഡിഎഫിന് മുന്നിലെത്തും. 37 ശതമാനമാണ് എല്‍ഡിഎഫിന് പ്രവചിക്കുന്ന വോട്ട് ഷെയര്‍. യുഡിഎഫിന് ലഭിക്കാനിടയുള്ളത് 35 ശതമാനവും. എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ധിച്ചതാണ് മറ്റ് മുന്നണികളുടെ ആകെ വിഹിതത്തില്‍ ചോര്‍ച്ചയുണ്ടാക്കിയത്. ഇക്കുറി എന്‍ഡിഎ 21 ശതമാനം വരെ വോട്ട് നേടാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. സ്വതന്ത്രരും മറ്റ് കക്ഷികളും ഏഴ് ശതമാനത്തോളം വോട്ട് കരസ്ഥമാക്കും. 

ഹോട്ട് സീറ്റ് – അമ്പലപ്പുഴ

ജി.സുധാകരന്‍റെ സ്ഥാനാര്‍ഥിത്വം അമ്പലപ്പുഴയെ കേരളത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടം നടക്കുന്ന ഇടമാക്കി മാറ്റി. ഇവിടെ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന സുധാകരന്‍റെ വെല്ലുവിളി അതിജീവിക്കാന്‍ ഇടതുമുന്നണി പാടുപെടും. സര്‍വേ നടന്ന സമയത്ത് ഇടതുമുന്നണിക്ക് നേരിയ എഡ്ജ് അമ്പലപ്പുഴ മണ്ഡലത്തിലുണ്ട്. 2021ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്.സലാം കന്നിയങ്കത്തിനിറങ്ങിയപ്പോള്‍ 11,125 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ എം.ലിജുവിനെ പരാജയപ്പെടുത്തിയിരുന്നു. 2016ല്‍ ജി.സുധാകരന്‍റെ ഭൂരിപക്ഷം ഇരുപത്തിരണ്ടായിരത്തിനും മുകളിലായിരുന്നു.

ഹോട്ട് സീറ്റ് – കുട്ടനാട്

സിറ്റിങ് എംഎല്‍എ തോമസ് കെ.തോമസിനെ ഇത്തവണ കുട്ടനാട്ടില്‍ നേരിടുന്നത് കേരള കോണ്‍ഗ്രസിലെ റെജി ചെറിയാനാണ്. കഴിഞ്ഞ തവണ 5516 വോട്ടിന് കേരള കോണ്‍ഗ്രസിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ തോല്‍പ്പിച്ച തോമസ് കെ.തോമസ് ഇത്തവണ ശരിക്കും അഗ്നിപരീക്ഷയാണ് നേരിടുന്നതെന്ന് പ്രീപോള്‍ സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നത്. ബി‍ഡിജെഎസിലെ സന്തോഷ് ശാന്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. ആകെ 89,693 പേര്‍ സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി–വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും കൃത്യമായി പാലിച്ചിട്ടുമുണ്ട്.

ENGLISH SUMMARY:

The Manorama News – C-Voter Mega Election Survey predicts that Alappuzha district will remain a stronghold for the LDF, with the front expected to win 6 to 8 of the 9 available seats. While the UDF managed only one seat in 2021, the survey suggests they could potentially improve their tally to 1–3 seats this time around. High-profile battles are expected in Ambalappuzha, where G. Sudhakaran faces a tough fight, and Kuttanad, which is witnessing a neck-and-neck race. Although the NDA is not projected to win any seats in the district, its vote share is expected to rise significantly to 21%.