സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തുമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. 140 നിയമസഭാ മണ്ഡലങ്ങളില്‍ തൊണ്ണൂറായിരത്തോളം സാംപിളുകള്‍ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ യുഡിഎഫ് 69 മുതല്‍ 81 വരെ സീറ്റുകള്‍ നേടിയേക്കാമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 57 മുതല്‍ 69 സീറ്റുകള്‍ വരെ ലഭിക്കാം. 2021ല്‍ പൂട്ടിയ അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎയ്ക്ക് ഒന്നിലേറെ ഇടങ്ങളില്‍ അവസരമുണ്ട്. ഒന്നുമുതല്‍ അഞ്ച് സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.

 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്. മൂന്നാമൂഴം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായ നഷ്ടം നേരിടേണ്ടിവരുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളില്‍ 30 മുതല്‍ 42 വരെ നഷ്ടപ്പെട്ടേക്കാം. യുഡിഎഫിന് 28 മുതല്‍ 40 സീറ്റ് വരെ അധികം ലഭിക്കാനും സാധ്യതയുണ്ട്. എന്‍ഡിഎയ്ക്ക് ഒരുസീറ്റ് പോലും നേട്ടമാണ്. ഒന്നിലേറെ സീറ്റ് കിട്ടാനും സാധ്യതയുണ്ട്.

 

തെക്കന്‍ കേരളം

മൂന്നുദിവസങ്ങളിലായാണ് കേരളത്തില്‍ ഇന്നോളം ശേഖരിച്ച ഏറ്റവും വലിയ സാംപിള്‍ ഉപയോഗിച്ച് നടത്തിയ സര്‍വേയുടെ ഫലം മനോരമന്യൂസ് പുറത്തുവിട്ടത്. ഒന്നാംദിവസം മലബാറിലെയും രണ്ടാം ദിവസം മധ്യകേരളത്തിലെയും സാധ്യതകള്‍ പ്രവചിച്ചു. മൂന്നാംദിനമാണ് തെക്കന്‍ കേരളത്തിലെ നാല് ജില്ലകളിലെ മൂന്ന് മുന്നണികളുടെയും പ്രകടനം എങ്ങനെയായിരിക്കും എന്ന് വിലയിരുത്തിയത്. ഇതനുസരിച്ച് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 39 നിയമസഭാമണ്ഡലങ്ങളില്‍ കൂടുതലും ഇടതുമുന്നണിക്കൊപ്പമാണ്. 2021ല്‍ യുഡിഎഫിന് ഈമേഖലയില്‍ നാല് സീറ്റ് മാത്രമാണ് ലഭിച്ചത്. അവര്‍ ഈ നില മെച്ചപ്പെടുത്തും. 12 മുതല്‍ 16 സീറ്റ് വരെയാണ് യുഡിഎഫിനുള്ള സീ വോട്ടര്‍ പ്രൊജക്ഷന്‍. എല്‍ഡിഎഫിന് തെക്കന്‍ കേരളത്തില്‍ 21 മുതല്‍ 25 സീറ്റ് വരെയും പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റ് വരെയാണ് പ്രവചനം.

 

തിരുവനന്തപുരം ജില്ല

 

14 നിയമസഭാമണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗമായിരുന്നു. കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റെ അക്കൗണ്ടിലെത്തി. ഇക്കുറിയും ജില്ലയില്‍ എല്‍ഡിഎഫിന്റെ സ്വാധീനത്തിന് കുറവില്ല. 8 മുതല്‍ 10 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന് 2 മുതല്‍ 4 സീറ്റ് വരെയാണ് പ്രവചനം. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റുവരെ പ്രതീക്ഷിക്കാമെന്നും സര്‍വേ പറയുന്നു.

 

കൊല്ലം ജില്ല

 

2021ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയും കുണ്ടറയും ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ആണ് ജയിച്ചത്. ഇക്കുറി മുന്നണിക്ക് ജില്ലയില്‍ വോട്ട് വിഹിതം കുറയുമെന്ന് സര്‍വേ അനുമാനിക്കുന്നു. 36 ശതമാനമാണ് എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. യുഡിഎഫിന് 38 ശതമാനം വോട്ട് ഷെയര്‍ ലഭിച്ചേക്കാം. എന്‍ഡിഎയുടെ വോട്ട് വിഹിതം 18 ശതമാനമാകുമെന്നാണ് പ്രവചനം. സ്വതന്ത്രരും മറ്റുള്ളവരും ശേഷിച്ച എട്ടുശതമാനം വോട്ട് പിടിക്കുമെന്നും സര്‍വേ പറയുന്നു.

 

പത്തനംതിട്ട ജില്ല

 

ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചും തൂത്തുവാരിയാണ് എല്‍ഡിഎഫ് 2021ല്‍ അധികാരത്തില്‍ രണ്ടാമൂഴമുറപ്പിച്ചത്. എന്നാല്‍ ഇക്കുറി ആ ആധിപത്യം നഷ്ടമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 3 മുതല്‍ 5 സീറ്റ് വരെയാണ് സര്‍വേ കണക്കാക്കുന്ന റേഞ്ച്. ഇടതുമുന്നണിക്ക് പ്രവചിക്കുന്നത് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ്. എന്‍ഡിഎയ്ക്ക് ഇക്കുറിയും പത്തനംതിട്ട ജില്ലയില്‍ ജയസാധ്യതയില്ലെന്ന് സര്‍വേ പറയുന്നു.

 

ആലപ്പുഴ ജില്ല

 

സീറ്റെണ്ണത്തില്‍ മാത്രമല്ല, വോട്ട് വിഹിതത്തിലും ഇടതുമുന്നണി യുഡിഎഫിന് മുന്നിലെത്തും. 37 ശതമാനമാണ് എല്‍ഡിഎഫിന് പ്രവചിക്കുന്ന വോട്ട് ഷെയര്‍. യുഡിഎഫിന് ലഭിക്കാനിടയുള്ളത് 35 ശതമാനവും. എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ധിച്ചതാണ് മറ്റ് മുന്നണികളുടെ ആകെ വിഹിതത്തില്‍ ചോര്‍ച്ചയുണ്ടാക്കിയത്. ഇക്കുറി എന്‍ഡിഎ 21 ശതമാനം വരെ വോട്ട് നേടാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. സ്വതന്ത്രരും മറ്റ് കക്ഷികളും ഏഴ് ശതമാനത്തോളം വോട്ട് കരസ്ഥമാക്കും. 

 

​മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

 

വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി–വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും കൃത്യമായി പാലിച്ചിട്ടുമുണ്ട്.

 

UDF Set to Regain Power in Kerala, LDF Projected to Lose Ground: Manorama News – C-Voter Survey :

The comprehensive Manorama News – C-Voter Mega Election Survey predicts a return to power for the UDF in Kerala, projecting 69 to 81 seats in the 140-member assembly. The ruling LDF is expected to see a significant decline from its 2021 tally, with a predicted range of 57 to 69 seats. Interestingly, the survey suggests the NDA could reopen its account in the state, potentially winning between one and five seats. This massive survey, involving nearly 90,000 respondents, indicates a major shift in voter sentiment across Malabar, Central, and Southern Kerala.