student-injured-kozhikode-train-stone-pelting

കോഴിക്കോട് ട്രെയിനിനുനേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ താടിയെല്ലിന് ഗുരുതര പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറ്.

രാത്രി പത്തുമണിയോടെ ട്രെയിന്‍ ഫറോക്കിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ജനലരികിലെ സീറ്റിലിരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനും പരുക്കേറ്റു. തുടര്‍ന്ന് ട്രെയിന്‍ കോഴിക്കോട് എത്തിയതോടെ റെയില്‍വെ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ യുസി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. നിലവില്‍ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ സാധാരണക്കാരായ കുടുംബത്തിന് താങ്ങാനാകുന്നതിലും വലുതാണ് ആശുപത്രി ചെലവുകള്‍.

സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുന്‍പ് ഇതേ സ്ഥലത്ത് വച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നെരെയും കല്ലേറ് ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Aishwarya Ramakrishnan, a degree student at Aluva UC College, suffered severe jaw and tooth injuries after stones were pelted at the Alappuzha-Kannur Executive Express near Feroke, Kozhikode. The incident occurred around 10 PM on Monday while she was traveling home for exams. Doctors have advised immediate surgery. Railway police have registered a case and are reviewing CCTV footage from the area, which has seen similar attacks on Vande Bharat trains previously.