പ്രതിപക്ഷ നേതാവുമായി നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രിയില്ല. ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിനാണ് താന്‍ ക്ഷണിച്ചതെന്ന് പറഞ്ഞ് മുഖ്യമന്ത്രി നേര്‍ക്കുനേര്‍ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ നേര്‍ക്കുനേര്‍ സംവാദത്തിന് സ്ഥലവും സമയവും മുഖ്യമന്ത്രി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വീണ്ടും മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍ നിന്ന് കേരളത്തിന്‍റെ വികസനത്തേക്കുറിച്ച് സംസാരിക്കുന്ന ചരിത്ര കാഴ്ച. അത് കാത്തിരുന്നവരെ നിരാശരാക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. നേര്‍ക്കുനേര്‍ സംവാദത്തെ ഫേസ്ബുക്ക് സംവാദത്തിലേക്ക് മാറ്റിയാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത്. അതിന് ആയുധമാക്കുന്നത് അദേഹം ഇന്നലെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ്. സര്‍ക്കാരിന്‍റെ 10 വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന കാര്‍ഡുകള്‍ ഫേസ്ബുക്കിലിട്ട ശേഷം എന്നാല്‍ ഇനി ഇതില്‍ സംവാദം ആയാലോ എന്ന് കുറിക്കുകയായിരുന്നു. അത് ഫേസ്ബുക്ക് സംവാദത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ അതിനും ഒരു ദിവസം മുന്‍പ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചതായിരുന്നു സംവാദ വിവാദത്തിന് തുടക്കം.
പ്രതിപക്ഷ നേതാവ് ഉദേശിച്ചത് നേര്‍ക്കുനേര്‍ സംവാദമാണെന്ന് അദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലും പറയുന്നുണ്ട്. സ്ഥലവും സമയവും മുഖ്യമന്ത്രി നിശ്ചയിച്ചാല്‍ താന്‍ അവിടെ എത്തിക്കൊള്ളാമെന്നായിരുന്നു ഇന്നലെ വി.ഡി.സതീശന്‍ കുറിച്ചത്. ഇന്നും പ്രതിപക്ഷനേതാവ് സ്ഥലവും സമയവും മുഖ്യമന്ത്രിയോട് ചോദിച്ചു. 24 മണിക്കൂറായിട്ടും തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്ന് ഓര്‍മിപ്പിച്ചാണ് കുറിപ്പ്. തിരഞ്ഞെടുപ്പ് നാളുകളില്‍ സംവാദ വെല്ലുവിളികള്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും പലതും യാഥാര്‍ഥ്യമായിട്ടില്ലെന്ന ചരിത്രം ഇവിടെയും ആവര്‍ത്തിക്കുകയാണ്.