സിനിമയും രാഷ്ട്രീയവും തമ്മിൽ ചില സമവാക്യങ്ങളുണ്ട്. എന്നാൽ കേരളത്തില്‍ അത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നില്ല. കോളിവുഡും ടോളിവുഡും സാൻഡൽ വുഡുമെല്ലാം തെന്നിന്ത്യൻ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിച്ചപ്പോൾ മോളിവുഡ് കോലാഹലമില്ലാതെ മാറിനില്‍ക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ വലിയ ഓളങ്ങൾ സൃഷ്ടിക്കാൻ മലയാള സിനിമയ്ക്ക് അത്രയൊന്നും സാധിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എൻ.ടി.ആറും എം.ജി.ആറും കരുണാധിയും ജയലളിതയും രാജ്കുമാറും വാണ രാഷ്ട്രീയം പക്ഷേ മലയാള സിനിമാ താരങ്ങൾക്ക് കിരീടവും ചെങ്കോലും നൽകിയില്ല.
ഏതാനും പേരൊഴികെ രാഷ്ട്രീയത്തിലിറങ്ങിയ മിക്കവരും വന്ന വഴി തിരിച്ചുപോയിട്ടുണ്ട്. പ്രേംനസീർ മുതൽ പിഷാരടിവരെ നീളുന്ന പട്ടികയിൽ ഇടംപിടിച്ചവർ അനേകമുണ്ട്. 1987 ൽ രാഷ്ട്രീയം പരീക്ഷിച്ച പ്രേം നസീർ തന്നെയാണ് കൊടി പിടിച്ച് ജന മധ്യത്തിലിറങ്ങിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ. ഇന്ദിരാ ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിജിയുടേയും സ്നേഹ സമ്മര്‍ദത്തിന് വഴങ്ങി കൈ പിടിച്ച താരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവ സാനിധ്യമായിരുന്നു.
തിരു–കൊച്ചിയിലും കേരള നിയമസഭയിലും അംഗമായ തോപ്പിൽ ഭാസി എഴുത്തിലും സംവിധാനത്തിലും അടിമുടി നാടക-സിനിമാക്കാരനായിരുന്നു. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച സംവിധായകൻ രാമു കാര്യാട്ടും സിനിമാ ലോകത്തുനിന്നു വന്ന അന്നത്തെ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു. 1989 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ച ഒഎൻവി കുറുപ്പ് തോല്‍വിയോടെ പിന്‍വാങ്ങി. സംവിധായകൻ ലെനിൽ രാജേന്ദ്രനും രണ്ടുതവണ ഇടത് ടിക്കറ്റിൽ ജനവിധി തേടിയിരുന്നെങ്കിലും തോൽവിയായിയിരുന്നു ഫലം.
1999ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ഭാഗ്യം പരീക്ഷിച്ച നടൻ മുരളിക്കും കാലിടറി. സിപിഎം സ്വതന്ത്രനായി 1994ലെ ഉപതെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്ന് ജയിച്ച സംവിധായകൻ പി.ടി.കുഞ്ഞു മുഹമ്മദ് 1996ൽ വീണ്ടും ജയിച്ച് നിയമസഭയിലെത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. നിർമാതാവ് മഞ്ഞളാംകുഴി അലിയാണ് രാഷ്ട്രീയ ഗോദയിലെത്തിയ മറ്റൊരു സിനിമാക്കാരൻ. തോറ്റും ജയിച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് മെല്ലെ പിന്‍വാങ്ങി.
സിനിമയിൽ നിന്ന് ഭാഗ്യം പരീക്ഷിച്ചെത്തി ഏറ്റവും കൂടുതൽ ജനപ്രതിനിധിയായെന്ന നേട്ടം കെ.ബി.ഗണേഷ് കുമാറിന് സ്വന്തം. തൃശൂരിൽ താമര ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഇപ്പോഴും സിനിമയുടെ ചലനങ്ങളില്‍ത്തന്നെയാണ്. ചാലക്കുടിക്കാരൻ ഇന്നസെന്റ് ഇടതുപാളയത്തിൽ നിന്ന് ജയിച്ച് എംപിയായി മികവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവും സംവിധായകനും അഭിനേതാവുമായ മാണി സി കാപ്പൻ പാലായിലെ സിറ്റിംഗ് സീറ്റിൽ ഇക്കുറിയും സ്ഥാനാർത്ഥിയായുണ്ട്. ജഗദീഷും ദേവനും ഭീമൻ രഘുവും കൊല്ലം തുളസിയും ധർമജൻ ബോൾഗാട്ടിയും ജി കൃഷ്ണകുമാറുമൊക്കെ നന്നായി പയറ്റിയെങ്കിലും പച്ച തൊട്ടില്ല.
ഇക്കുറി വിവിധ മുന്നണികളുടെ പ്രതിനിധികളായി ഗണേഷ് കുമാർ, രമേഷ് പിഷാരടി, അഞ്ജലി നായർ, വിവേക് ഗോപൻ തുടങ്ങിയവരുമുണ്ട്. ട്വന്റി ട്വന്റി ലിസ്റ്റിൽ നിന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം വിക്കറ്റ് തെറിച്ച ലഷ്മിപ്രിയയും വീണാനായരും തട്ടകത്തിൽ ഇല്ല. പത്തനാപുരത്ത് നിന്ന് മന്ത്രിക്കസേര പലവട്ടം ഉറപ്പിച്ച കെ.ബി.ഗണേശ് കുമാർ തന്നെയാണ് താരങ്ങളിലെ വെറ്ററൻ. എന്നാൽ ഹിറ്റടിക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നത് പാലക്കാട്ടേക്കാണ്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന രമേഷ് പിഷാരടിക്ക് മമ്മൂട്ടി അടക്കമുള്ള താരനിര ഇതിനകം ആശംസ നേര്‍ന്നുകഴിഞ്ഞു. സിനിമാക്കാരനല്ല താനൊരു തനി രാഷ്ട്രീയക്കാരൻ എന്ന് പിഷാരടി സ്വതസിദ്ധമായ ശൈലിയിൽ പലവട്ടം പറയുന്നുണ്ടെങ്കിലും ചുറ്റുമുള്ളത് താരത്തിളക്കം തന്നെയാണ്.
തൃപ്പൂണിത്തുറയിൽ നിന്ന് ട്വന്റി ട്വന്റി ടിക്കറ്റിൽ പോരാടുന്ന അഞ്ജലി നായർക്ക് വോട്ടര്‍മാര്‍ എങ്ങനെ വിധിയെഴുതുമെന്ന ചോദ്യം എന്‍ഡിഎയില്‍ത്തന്നെ മുറുമുറുക്കുന്നുണ്ട്. അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായ വിവേക് ഗോപനെ കുടുംബ പ്രേക്ഷകർ എത്രമാത്രം ചേർത്ത് നിർത്തുമെന്നും കണ്ടറിയണം. താത്വിക അവലോകനവുമായെത്തി പലതവണ കളംമാറിയ അഖിൽ മാരാർക്ക് തൃക്കാക്കര ബിഗ് ബോസാകുമോ എന്നതാണ് മറ്റൊരു ചോദ്യം. നീണ്ട സെലിബ്രിറ്റി പട്ടികയുമായി രംഗത്തുവന്ന സാബു ജേക്കബിനും സംഘത്തിനും അങ്കമാലിയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രോമി കുര്യാക്കോസും ഏറ്റുമാനൂരിൽ ഗായികയും നർത്തകിയുമായ ആതിര ഡി നായരും എത്രത്തോളം ആശ്വാസം പകരുമെന്നും കാണേണ്ടതുണ്ട്.
‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമായിരുന്നു’. 1991ൽ പുറത്തിറങ്ങിയ ‘സന്ദേശം’ സിനിമയിലെ ശങ്കരാടിയുടെ സൂപ്പർ ഡയലോഗ് ഇന്നും മെഗാ ഹിറ്റാണ്. അതുകൊണ്ട് തന്നെ കളം നിറഞ്ഞ് കളറാകാൻ താരങ്ങളിറങ്ങുമ്പോൾ ആര് വീഴും ആര് വാഴും എന്ന് കാത്തിരിക്കാം. ട്വിസ്റ്റുകൾക്ക് പിന്നാലെ ക്ലൈമാക്സും ആന്റി ക്ലൈമാക്സും ഇനിയും പ്രതീക്ഷിക്കാം.