എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എസ്ഡിപിഐ ഇപ്പോള്‍ സിപിഎമ്മിനാണ് പിന്തുണ നല്‍കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ വേണ്ടെന്ന് പറയുമോ? ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ കോളിളക്കം ഉണ്ടാക്കി. ഏറ്റവും കാപട്യമുള്ള നേതാവാണ് പിണറായിയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. മുന്‍പ് ഗണേഷ് കുമാറിനെ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ ഗണേഷിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംവാദത്തിന് മുഖ്യമന്ത്രി തയാറായതിനെയും വി.ഡി.സതീശന്‍ സ്വാഗതം ചെയ്തു. സഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വസ്തുതയല്ലെന്നും യമണ്ടന്‍ നുണ പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തബാധിതര്‍ക്ക് വീട് വച്ച് നല്‍കാനുള്ള ഫണ്ടില്‍ എല്ലാം കൃത്യതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റിയവരാണ് കണക്ക് ചോദിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
വികസന സംവാദത്തിന് മുഖ്യമന്ത്രിയെ ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ക്ഷണിച്ചത്. ഇതിന് മറുപടിയായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും വാര്‍ത്താസമ്മേളനത്തില്‍ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തീയതിയും സമയവും മുഖ്യമന്ത്രി തീരുമാനിച്ചാല്‍ താന്‍ എത്താമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.