നേമത്തെ മല്‍സരം പ്രതീക്ഷിച്ചതിലും കടുത്തതോടെ മണ്ഡലത്തിന് പുറത്തേക്കുള്ള പ്രചാരണ പരിപാടികള്‍ വെട്ടിക്കുറച്ച് രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കൂടിയായ അദേഹം ഇന്നലത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലും പങ്കെടുത്തില്ല. പരമാവധി വോട്ടര്‍മാരെ കാണാന്‍ വേണ്ടിയാണ് യാത്ര ഒഴിവാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി കേരളത്തില്‍, ഘടകകക്ഷി നേതാക്കളടക്കം വേദിയില്‍. അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അദേഹത്തിന്‍റെ സ്വന്തം മണ്ഡലത്തില്‍ വോട്ട് തേടിയുള്ള ഓട്ടത്തിലായിരുന്നു. തൃശൂരിലും പാലക്കാടും പ്രധാനമന്ത്രിക്കൊപ്പം പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു.
നേമത്ത് താമര വിരിയിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏറ്റവും ആദ്യം പ്രഖ്യാപിച്ചതായിരുന്നു രാജീവിന്‍റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ പ്രചാരണം പാതിപിന്നിട്ടപ്പോള്‍ മല്‍സരം അത്ര ഈസിയല്ലെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. രാജീവ് ലോക്സഭയില്‍ മല്‍സരിച്ചപ്പോള്‍ നേമത്ത് കിട്ടിയ 22,000 ന്‍റെ ലീഡ് തദേശത്തില്‍ അയ്യായിരമായി കുറഞ്ഞു. സിറ്റിങ് എം.എല്‍.എയ്ക്ക് പിന്നാലെ കെ.എസ് ശബരിനാഥനും എത്തിയതോടെ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ത്രികോണ മല്‍സരമായെന്നും കരുതുന്നു. അതിനാല്‍ മണ്ഡലത്തില്‍ തമ്പടിച്ചുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെന്നല്ല, ബി.ജെ.പിയുടെ എ ക്ളാസ് മണ്ഡലങ്ങളടക്കം, ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലേക്കും ഇതുവരെ കാര്യമായി പ്രചാരണത്തിന് പോയിട്ടില്ല. അതേസമയം നാലിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുമ്പോള്‍ നേമത്തെത്തിക്കാനും ശ്രമങ്ങള്‍ തുടങ്ങി.