എസ്ഡിപിഐ പിന്തുണയടക്കം വിവാദ വിഷയങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വയനാട് ടൗണ്‍ഷിപ് വിഷയത്തിലും പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളിക്കും മറുപടി പറഞ്ഞ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ചാനലും പത്രവും ഉയര്‍ത്തിയ ചോദ്യത്തിന് മാത്രമാണ് പ്രതികരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇരിപ്പിടം വിട്ട് പുറത്ത് പോയ മുഖ്യമന്ത്രി മടങ്ങിവന്ന് 'ചോദ്യം മനസിലുണ്ടായാല്‍ പോര, ചോദിക്കണം' എന്ന് പ്രതികരിച്ചു. ചോദ്യം ചോദിച്ചവരുടെ സ്ഥാപനം അന്വേഷിച്ചല്ല താന്‍ മറുപടി പറഞ്ഞതെന്നും ഇന്നത്തെ സമയം കഴിഞ്ഞുവെന്നും അതാണ് അവസാനിപ്പിച്ചതെന്നും പിണറായി വിശദീകരിച്ചു.
വികസന വിഷയങ്ങളില്‍ സംവാദമാകാമെന്ന് പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചു. പ്രതിപക്ഷം സംവാദത്തിന് തയാറായതില്‍ സന്തോഷമെന്നായിരുന്നു പ്രതികരണം. ഏറ്റവും വലിയ സംവാദത്തിന്‍റെ വേദി നിയമസഭയാണ്. ഇത്തവണ സഭയില്‍ പ്രതിപക്ഷം എന്താണ് കാട്ടിക്കൂട്ടിയത്? അടിയന്തര പ്രമേയം ഒന്നുപോലും അവതരിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഫെയ്സ്ബുക്കിലും 'ഇനി ഇതില്‍ സംവാദമായാലോ' എന്ന കുറിപ്പോടെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി പങ്കുവച്ചിരുന്നു.
മുണ്ടക്കൈ–ചൂരല്‍മലയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ ഉയര്‍ന്നില്ലെന്ന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വാഗ്ദാനം നല്‍കുന്നത് എളുപ്പമാണെന്നും നടപ്പാക്കുന്നതാണ് പ്രയാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം പറയും, ഒന്നും നടപ്പാക്കില്ല എന്നതാണ് കോണ്‍ഗ്രസിന്‍റെ രീതിയെന്നും കോണ്‍ഗ്രസ് സ്വരൂപിച്ച പണം എവിടെയാണെന്ന് ഒരുപിടിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി മുണ്ടക്കൈയിലും ചൂരല്‍ മലയിലുമുള്ള ജനങ്ങള്‍ക്കായി എന്ത് സഹായമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വീട് നിര്‍മിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. അതുകൊണ്ട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അക്കാര്യം ചെയ്തു. ഒന്നിച്ച് താമസിക്കാനുള്ള സൗകര്യമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത് അവിടെയുള്ള ജനങ്ങളാണ്. അതുകൊണ്ടാണ് ടൗണ്‍ഷിപ് എന്ന ആശയത്തിലേക്ക് വന്നത്. സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കുകയാണെന്ന് വ്യക്തമാക്കിയതോടെ 100 വീട് നിര്‍മിക്കാമെന്നേറ്റ ഡിവൈഎഫ്ഐ ആ പണം കൈമാറി. ലീഗ് സ്വന്തം നിലയ്ക്ക് ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ വാക്ക് പൂര്‍ണമായും നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.