thiruvanchoor-anilkumar

കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂരിനെ നേരിടാന്‍ രണ്ട് അനില്‍കുമാറുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.അനില്‍കുമാറും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി.അനില്‍കുമാറുമാണ് രംഗത്തുളളത്. വോട്ടര്‍മാരുടെ കുറവും വികസനവുമൊക്കെയാണ് മണ്ഡലത്തിലെ വോട്ടുചര്‍ച്ച.

57 മുതലുളള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറെയും ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡ‍ലമാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലായി തുടര്‍ച്ചയായി പരാജയം നേരിടുമ്പോള്‍ സിപിഎമ്മിന് ഇത് തിരിച്ചുപിടിക്കാനുളള നിര്‍ണായക പോരാട്ടം.മണ്ഡ‍ലത്തിലെ വോട്ടര്‍മാരുടെ കുറവിലൂടെ യുഡിഎഫ് ആധിപത്യം ഇല്ലാതാകുമെന്നാണ് കെ.അനില്‍കുമാര്‍ പറയുന്നത്.

തുടര്‍ച്ചയായി നാലുതവണ അടൂരില്‍ വിജയിച്ച തിരുവഞ്ചൂര്‍ 2011 ലാണ് ജന്മനാടായ കോട്ടയത്ത് എത്തിയത്. ഹാട്രിക് ജയം നേടിയ തിരുവഞ്ചൂര്‍ നാലാം ജയം തേടിയുളള യാത്രയിലാണ്. കഴിഞ്ഞപ്രാവശ്യം 18,743 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.     

എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിന്‍റെ പി.അനില്‍കുമാറാണ്. ബിജെപിയുടെ മിനര്‍വ മോഹന്‍ കഴിഞ്ഞപ്രാവശ്യം 8,511 വോട്ടാണ് നേടിയത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വോട്ടാണ് എന്‍ഡിഎ നേടിയത്. എല്‍ഡിഎഫ് യുഡിഎഫ് ഭരണവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ പ്രചാരണം.

ENGLISH SUMMARY:

Kottayam election features a unique contest with two Anil Kumars vying for the constituency. This election focuses on voter demographics and development, with historical data indicating a strong Left presence.