cm-rejects-cpm-bjp-deal-claims

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം–ബിജെപി ഡീല്‍ എന്ന യുഡിഎഫ് വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനും ജനങ്ങള്‍ക്കും എല്ലാ കാര്യത്തിലും അറിവുണ്ടെന്നും എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് നല്ല രീതിയില്‍ ജയിക്കുമെന്നും നല്ല സ്വീകാര്യതയുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്ഥാനാര്‍ഥിക്കെതിരെ മറ്റൊരാംഗിളില്‍ തെറ്റായ  പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് ബിജെപി നേതാവിന്‍റെ ഗുരുവായൂര്‍ പരാമര്‍ശത്തിന് സമാനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. സംശുദ്ധരായ സ്വതന്ത്രരെ എല്‍ഡിഎഫ് പരീക്ഷിക്കാറുണ്ടെന്നും മലപ്പുറത്തെ ഇത്തരം പരീക്ഷണങ്ങള്‍ ജനം സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. നുണ പറഞ്ഞ് എല്‍ഡിഎഫിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം സഹകരണ സംഘം സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ എല്ലാറ്റിനും മറുപടിയില്ലെന്നും നുണ പറയാന്‍ ചെന്നിത്തല ചിലരോട് മല്‍സരിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന ആരോപണം തെറ്റാണെന്നും ടെന്‍ഡര്‍ ആദ്യം ടിസിഎസിന് നല്‍കിയെങ്കിലും അവര്‍ പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. വികസനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമാണിതെന്നും പ്രതിപക്ഷം പറയുന്നതിനെല്ലാം മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സഹകരണസംഘങ്ങളിലെ സോഫ്റ്റ്‌വെയര്‍ കരാര്‍ ദിനേശ് ബീഡി സഹകരണസംഘത്തിന് നല്‍കാനുള്ള നീക്കം 700 കോടിയുടെ തട്ടിപ്പ് നടത്താനായിരുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ടിസിഎസ് 204 കോടി രൂപയ്ക്ക് കരാറിലെത്തിയിരുന്നതാണെന്നും എന്നാല്‍ അവരെ ഒഴിവാക്കി മുന്‍പരിചയമേതുമില്ലാത്ത ദിനേശ് ബീഡി സഹകരണകരണ സംഘത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ വഴിവിട്ട നീക്കം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ഇന്ന് അദ്ദേഹം ആവശ്യമുയര്‍ത്തി. ടെന്‍ഡര്‍ നല്‍കാന്‍ ഇടപെട്ടത് സഹകരണമന്ത്രി വി.എന്‍.വാസവനാണെന്നും ചെന്നിത്തല കാസര്‍കോട്ട് ആരോപിച്ചു.

ENGLISH SUMMARY:

Kerala CM Pinarayi Vijayan has strongly refuted Ramesh Chennithala's ₹700 crore cooperative software scam allegations, clarifying that TCS withdrew from the contract voluntarily. Addressing a press meet, the CM also dismissed UDF's 'CPM-BJP deal' claims and expressed confidence in an LDF victory in Palakkad. He criticized the opposition for spreading lies to distract from developmental issues during the 2026 Assembly Election campaign.