അമ്പലപ്പുഴ തോറ്റാല്‍ തിരിച്ചടിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അമ്പലപ്പുഴയില്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകണമെന്നും നിര്‍ദേശം. സുധാകരന്‍ തീവ്ര ആശയക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കേഡര്‍ വോട്ടുകള്‍ പൂര്‍ണമായും ഉറപ്പാക്കണമെന്നും അദ്ദേഹം ജില്ലാ നേതൃത്വത്തോട് പറഞ്ഞു. ഭരണംകിട്ടിയാലും അമ്പലപ്പുഴ തോറ്റാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ഇടപാട് നടന്നിട്ടുണ്ടെന്നും ഡീല്‍ പ്രകാരമാണ് 5000 ബിജെപി വോട്ട് തനിക്ക് കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞതെന്നും അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്.സലാം നേരത്തെ ആരോപിച്ചിരുന്നു.
63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് മുന്‍മന്ത്രി കൂടിയായ ജി.സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പോരിനിറങ്ങുന്നത്. ഉറച്ച പാര്‍ട്ടി വോട്ടുകളാണ് അമ്പലപ്പുഴയില്‍ ഉള്ളതെങ്കിലും ജി.സുധാകരന്‍റെ അഴിമതി വിരുദ്ധ നിലപാടുകളും ജനകീയതയും സിപിഎം ഗൗരവമായാണ് കാണുന്നത്. 1987 ല്‍ ആദ്യമായി അമ്പലപ്പുഴയില്‍ മല്‍സരിച്ച സുധാകരന്‍ അന്ന് തോറ്റുവെങ്കിലും 2006 ല്‍ ജയിച്ചു കയറി. 2011 ലും 2016 ലും ജയം തുടര്‍ന്നു. 2021 ല്‍ ടേം വ്യവസ്ഥ വന്നപ്പോള്‍ ശിഷ്യനായ എച്ച്. സലാമിലേക്ക് മണ്ഡലം കൈമാറി. അതേ സലാമിനെയാണ് സുധാകരന്‍ ഇക്കുറി നേരിടുക.
സുധാകരന്‍ കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചത്. വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ ഇതേത്തുടര്‍ന്നുണ്ടായെങ്കിലും സുധാകരന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലത്തിലുണ്ടാക്കിയ മേല്‍ക്കൈ വോട്ടായാല്‍ അതിനൊപ്പം സുധാകരന്‍റെ ജനകീയതയും വോട്ടായാല്‍ ജയം നേടാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.