രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.സുധാകരൻ എംപി. ഡൽഹിയിലെത്തിയ സുധാകരൻ രാഹുൽ ഗാന്ധിയെയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കണ്ടു. സ്ഥാനമില്ലെങ്കിലും കോൺഗ്രസിനായി പ്രവർത്തിക്കുമെന്ന് സുധാകരൻ പറഞ്ഞു.
യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്ക് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ തടയിട്ടിരിക്കെയാണ്, രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ.സുധാകരൻ വീണ്ടും രംഗത്തുവന്നത്.
Also Read: കുടുംബസമേതം രാഹുലിനെ കണ്ട് കെ. സുധാകരന്‍; യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയെന്ന് രാഹുല്‍ ഗാന്ധി.
പിണക്കം പൂർണമായി അവസാനിപ്പിച്ച പോലെയായി ഇന്നത്തെ രാഹുൽ ഗാന്ധിയുമായുള്ള കെ.സുധാകരന്റെ കൂടിക്കാഴ്ച. പൂർണമായി ഹാപ്പി എന്നാണ് കെ.സുധാകരന്റെ പ്രതികരണം
സ്ഥാനമില്ലെങ്കിലും പാർട്ടിക്കൊപ്പം എന്ന് സുധാകരൻ ആവർത്തിക്കുമ്പോൾ സംസ്ഥാന കോൺഗ്രസിനും ആശ്വസിക്കാം. കേരള ജനതയ്ക്കായി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് കെ.സുധാകരനെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പോരാളിയുടെ ശക്തിയും കൂറും ഉള്ളയാളാണ് സുധാകരൻ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും നൂറ് സീറ്റിലേറെ നേടി അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി .