Image: Iran Missile, File, Reuters

കുവൈത്തിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി-ശുദ്ധജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചത്. ഇന്ന് പുലർച്ചെ എക്സിലൂടെയാണ് മന്ത്രാലയം വിവരം പങ്കുവെച്ചത്. ആക്രമണത്തിൽ പ്ലാന്റിലെ ഒരു സർവീസ് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇറാനിലെ ഊര്‍ജ, വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ക്കുനേരെ യുഎസും ഇസ്രയേലും ആക്രമണം കടുപ്പിച്ചു. ടെഹ്റാന്‍, കറാജ് തുടങ്ങി വടക്കന്‍ ഇറാനിലെ വിവിധ നഗരങ്ങളില്‍ വൈദ്യുതി നിലച്ചു. ഇറാനിലെ ആയുധനിര്‍‌മാണശാലകള്‍ക്കുനേരെ ആക്രമണം നടത്തിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി. കിഴക്കന്‍ ടെഹ്റാനിലെ മെഹറാബാദ് വിമാനത്താവളത്തിനുനേരെയും വടക്കുപടിഞ്ഞാറന്‍‌ തബ്രിസിലെ പെട്രോ കെമിക്കല്‍ നിര്‍മാണകേന്ദ്രത്തിനുനേരെയും ഇസ്രയേല്‍ ആക്രമണം നടത്തി. 

തെക്കന്‍ ടെഹ്റാനില്‍ നാഷനല്‍ ബാങ്കിന്റെ ഓഫിസിനും ഫാക്ടറിക്കും നേരെയും ആക്രമണമുണ്ടായി.  ഇസ്രയേലില്‍ ഇറാന്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. സൗദിയുടെ കിഴക്കന്‍ മേഖലകളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണ ശ്രമം തടഞ്ഞെന്ന് സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞവെള്ളിയാഴ്ച യുഎസ്–ഇസ്രയേല്‍ സഖ്യം ആക്രമിച്ച ഇറാന്റെ ഘനജല പ്ലാന്റ് തകര്‍ന്നെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. 

ഖോന്‍ഡാബിലെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ലെന്നും പ്ലാന്റില്‍ ആണവ വസ്തുക്കളൊന്നുമില്ലെന്നും ഏജന്‍സി വ്യക്തമാക്കി. മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരുടേയും നേതാക്കളുടേയും വീടുകള്‍ ആക്രമിക്കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആഭ്യന്തര സുരക്ഷാ കമാന്‍ഡര്‍ മജീദ് സഖറിയ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാര്യത്തില്‍ നടപടി തുടങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ഇസ്രയേല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്‍ കരാറിനായി യാചിക്കുകയാണെന്നും അവര്‍ നേരിടുന്ന തകര്‍‌ച്ചയില്‍ ഒത്തുതീര്‍പ്പിന് തയാറാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് പിടിച്ചടക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണാത്മകമായ സാധ്യതകള്‍ ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രയേല്‍ സന്ദര്‍ശിച്ചു. യുഎസ് സൈന്യവുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന ആക്രമണപദ്ധതികള്‍ തയാറാക്കിയെന്നാണ് റിപ്പോ‍ര്‍ട്ട്. 

Indian National Killed in Kuwait Amidst Iran Attack:

An Indian worker was killed in an Iranian attack on a power and water plant in Kuwait. This incident, announced by the Ministry of Electricity and Water, signifies escalating tensions in the region.