മനസ്സിന് വാർദ്ധക്യം ബാധിച്ചവർ ജനാധിപത്യത്തെ കുറിച്ച് അല്പമനസ്കരാവുകയാണെന്ന് ഉമര്‍ ഫൈസി മുക്കത്തെ ഉന്നമിച്ച് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കരുതെന്നുള്ള ഉമര്‍ ഫൈസി മുക്കത്തിന്‍റെ ലീഗീനെപ്പറ്റിയുള്ള പ്രസ്താവനക്കെതിരെയാണ് ജിന്‍റോ തുറന്നടിച്ചത്.
കാലികവും വിപ്ലവകരവും ജനാധിപത്യപരവും യൗവ്വനതീഷ്ണവുമായ സ്ഥാനാർഥി നിർണ്ണയം നടത്തിയ ലീഗിന് വിമർശിക്കാൻ പിണറായി വിജയന്റെ അടിമ മനസ്കരായിട്ടില്ല. സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ വിളറി കൊള്ളുന്ന വൃദ്ധമനസ്കരെ ഞങ്ങളെ നയിക്കുന്നത് ഇന്ത്യൻ ഭരണഘടനയും ഇയാളെ പോലുള്ളവരെ നയിക്കുന്നത് പിണറായിസ്റ്റ് സൂക്തങ്ങളുമാണ്. കാലികമായ തെളിച്ചത്തിന്റെ തലപ്പാവ് കെട്ടാതെ എകെജി സെന്ററിലെ പീറക്കൊടി ഒളിച്ച് കെട്ടിയാൽ ഇതാകും അവസ്ഥ. വയ്യാത്തവർ വാപൊത്തി വീട്ടിലിരിക്കണം.
പുരുഷന്മാർക്കും സ്ത്രീകൾക്കും അല്ലാത്തവർക്കും തുല്യവകാശമാണ് ഇന്ത്യയിൽ. ഇവിടത്തെ നീതിപുസ്തകം ഇന്ത്യൻ ഭരണഘടനയാണ്. പുരുഷ ഭരണഘടനയല്ല അപ്പൂപ്പേ. നിങ്ങളുടെ ഭാഷയുടെ വ്യാകരണം മനുവാദികളായ സംഘപരിവാർ നിർമ്മിതിയാണ്. കാര്യം ഇത് പിണറായിക്ക് തുടർഭരണം തേടിയുള്ള അന്തം കമ്മി നിലവാരത്തിലുള്ള അഭ്യാസമാണെങ്കിലും സംഘപരിവാറിനും നിങ്ങൾക്കും ഒരേ ശബ്ദമാണ്. ഒരുമാതിരി സിപിഎം - ബിജെപി ഡീൽ പോലെ.
താങ്കൾക്ക് പലതും കിട്ടി എന്നത് കൊണ്ട് മുസ്ലിം സംഘടനകളെ അപ്പാടെ എൽഡിഎഫ് സർക്കാർ പരിഗണിച്ചുവെന്ന് പരത്തി പറയണ്ട. ഏതെങ്കിലും സംഘടനക്ക് ഇനി അങ്ങനെ തോന്നിയാൽ തന്നെ സാധാരണ മനുഷ്യരായ മുസ്ലിങ്ങൾക്ക് എന്താണ് സർക്കാർ വച്ച് നീട്ടിയത്. കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയവരെ ഒളിപ്പിച്ചിട്ട് കാഫിയ കഴുത്തിലിട്ട് നാടകം നടത്തിയതോ? പൗരത്വ നിയമവും വഖ്‌ഫ് നിയമവും ഭേദഗതി ചെയ്തും യൂണിഫോം സിവിൽ കോഡ് അടക്കമുള്ള വിഘടന രാഷ്ട്രീയം കളിച്ച മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ പിണറായി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തതോ? മലപ്പുറം ജില്ലക്കെതിരെ ഹിന്ദു പത്രത്തിൽ ഇന്റർവ്യൂ കൊടുത്തതോ? വെള്ളാപ്പള്ളിയുടെ പി സി ജോർജ്ജും ശശികലയുമടക്കമുള്ള സകല സംഘികളും ഉറഞ്ഞു തുള്ളിയ പത്ത് വർഷങ്ങൾ നൽകിയതോ? പോളിറ്റ് ബ്യുറോ മുതൽ താഴോട്ടുള്ളവർ ന്യുനപക്ഷങ്ങളെ അപരവത്ക്കരിച്ച വർത്തമാനം പറഞ്ഞതോ? ആർഎസ്എസ് വത്ക്കരിക്കപ്പെട്ട പിണറായി പോലീസിനെ കൊണ്ട് തിരഞ്ഞ് പിടിച്ചു വേട്ടയാടിച്ചതോ? തെരഞ്ഞെടുപ്പ് തോൽവികൾ മുതൽ പിണറായിസ്റ്റുകൾക്ക് ജലദോഷം വന്നാൽ പോലും കാരണമായി ന്യുനപക്ഷ വിരോധം പറഞ്ഞതോ? എന്തിനാണ് ഇങ്ങനെ ആത്മവഞ്ചനയുടെ വർത്തമാനം പറയുന്നത്? ഉദര നിമിത്തമാണെങ്കിൽ ഇതിലും പട്ടിണി കിടന്ന് മരിക്കുന്നതാണ്. അവഗണിക്കപ്പെട്ട ആക്ഷേപിക്കപ്പെട്ട നിരന്തരം അപരവത്ക്കരിക്കപ്പെട്ട മനുഷ്യരെ ഒറ്റുകൊടുക്കാതേയും ജീവിക്കാം കേട്ടോ. – ജിന്‍റെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.