തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുമായി സി.പി.എം യാതൊരുവിധ രാഷ്ട്രീയ നീക്കുപോക്കുകളും നടത്തിയിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. എസ്.ഡി.പി.ഐ അവരുടെ നിലവിലുള്ള രാഷ്ട്രീയ ശൈലി തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്‌ലാമി ഉയർത്തുന്ന മതരാഷ്ട്രവാദത്തോട് സി.പി.എമ്മിന് വിട്ടുവീഴ്ചയില്ലാത്ത എതിർപ്പാണുള്ളതെന്ന് എം.എ. ബേബി പറഞ്ഞു. പി.ഡി.പി മുൻപ് ഇത്തരത്തിലുള്ള മതരാഷ്ട്രവാദ നിലപാടുകൾ ഉയർത്തിയിരുന്നെങ്കിലും പിന്നീട് അവരുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. വർഗീയതയോടും തീവ്രവാദത്തോടും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ച് സി.പി.എം ലീഗിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉന്നയിച്ച് ചെന്നിത്തല ചര്‍ച്ച വഴിതിരിച്ചുവിട്ടത്. മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം കോണ്‍ഗ്രസ് സജീവമാക്കുകയാണ്. മങ്കടയില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യം പാലക്കാട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നു.
തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാതെ മുഖ്യമന്ത്രി. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. മങ്കടയിലെ സി.പി.എം–എസ്.ഡി.പി.ഐ കൂട്ടുകെട്ടിന് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി.
അതേസമയം, സി.പി.എം-എസ്.ഡി.പി.ഐ ബന്ധമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രം വർഗീയത ആരോപിക്കുന്ന സി.പി.എം, പി.ഡി.പി എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ വസ്തുതകൾ പഠിച്ചതിന് ശേഷം പറഞ്ഞതാണെന്നും സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്.ഡി.പി.ഐ–സി.പി.എം കൂട്ടുകെട്ടെന്ന് ആരോപണം കടുപ്പിച്ചത് രമേശ് ചെന്നിത്തലയാണ്. 40 ഇടത്ത് മാത്രമാണ് SDPI സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് യു.ഡി.എഫിന്‍റെ സമ്മര്‍ദത്തില്‍ സ്ഥനാര്‍ഥിയെ പിന്‍വലിച്ചു. മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനാണ് നീക്കം.