ap-satheesan

എപി സമസ്തയുമായുള്ള  ബന്ധം ദൃഢമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എ പി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി സതീശന്‍ കൂടിക്കാഴ്ച നടത്തി. ഖലീലുൽ ബുഖാരി തങ്ങളുടെ  കടലുണ്ടിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

കാന്തപുരവും എപി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. വളരെ നിര്‍ണായകമായ ഒരു കൂടിക്കാഴ്ചയായിരുന്നു പ്രതിപക്ഷ നേതാവും ബുഖാരി തങ്ങളുമായി നടന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. 

അതേസമയം സ്ഥാനാർഥികളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും വ്യക്തമായതോടെ  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് 140 സീറ്റുകളിലേക്ക് മത്സരിക്കുന്നത്.  ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്, 13 പേർ. തിരുവനന്തപുരം പേരാവൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ 11 പേര്‍വീതം മത്സരിക്കുന്നു. നേമം ഉള്‍പ്പെടെ ആറു നിയോജക മണ്ഡലങ്ങളില്‍ 10 സ്ഥാനാർഥികൾ വിതം ഉണ്ട്. 

2021 ല്‍ 957 പേരാണ്  സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നത്. അന്തിമ വോട്ടര്‍പട്ടികയിൽ  2,71,42,952 വോട്ടര്‍മാരാണുള്ളത്. SIR ന്  ശേഷമുള്ള അന്തിമ വോട്ടര്‍പട്ടികയാണിത്.  1.39 കോടി സ്ത്രീകളും 1.32 കോടി പുരുഷന്‍മാരും 273 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമാണ് സംസ്ഥാനത്തെ വോട്ടർമാർ.