എസ്.ഐ.ആർ നടപ്പാക്കുന്നത് കേരള സർക്കാരാണെന്ന നുണ യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ആരെ രക്ഷിക്കാനാണെന്നും, എസ്.ഐ.ആർ നടപ്പാക്കുന്നത് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരാണെന്ന യാഥാർഥ്യം യുഡിഎഫിന് അറിയാത്തതാണോ എന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എസ്.ഐ.ആറിനെപ്പറ്റി യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചു.
'ശരിയായ വസ്തുത മറച്ചു വച്ച് എൽഡിഎഫിനെതിരെ നുണ പ്രചരിപ്പിക്കുന്നതിലൂടെ അവർ സഹായിക്കുന്നത് ബിജെപിയെയാണ്. ബിജെപിക്കെതിരെ ഉയരേണ്ട ജനങ്ങളുടെ പ്രതിഷേധത്തെ വഴിതെറ്റിച്ച്, ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ റദ്ദ് ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തിനു വിടു പണി ചെയ്യുകയാണ് യുഡിഎഫ്.;– അദ്ദേഹം വിഡിയോ സഹിതം ഫെയ്സ്ബുക്കിൽ കുറിച്ചു.
'അധികാരത്തിനും മറ്റ് രാഷ്ട്രീയ ലാഭങ്ങൾക്കുമായി സംഘപരിവാറിനെ പാലൂട്ടി വളർത്തിയ അവസരവാദികളുടെ സംഘമാണ് കോൺഗ്രസ്. വർഗീയതയെ സ്വജീവൻ ബലികൊടുത്തും പ്രതിരോധിച്ചവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കാനായി നാടാകെ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനമാണിത്.
തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് വിഷയങ്ങളൊന്നും ഉയർത്താനില്ലാത്ത കോൺഗ്രസ് കള്ളങ്ങളും വ്യാജോക്തികളും ഉയർത്തി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതുകൊണ്ടൊന്നും കോൺഗ്രസിന്റെ അഴുകിയ ബാന്ധവങ്ങൾ മാഞ്ഞുപോകില്ല'.– പിണറായി വ്യക്തമാക്കുന്നു.