നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് തന്ത്രങ്ങളുണ്ടെന്നും അത് ഇപ്പോള്‍ പരസ്യമാക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് പാര്‍ട്ടിയും മുന്നോട്ട് വയ്ക്കുന്നത്. അതില്‍ മാറ്റമില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വികസിത കേരളത്തിനായി മാറ്റം കൊണ്ടുവരണമെന്ന അഭിപ്രായമാണ് കേരളത്തിന് മുന്നില്‍ ബിജെപി വയ്ക്കുന്നത്. വികസന രാഷ്ട്രീയം എല്ലാവര്‍ക്കും ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്ന് ജനങ്ങള്‍ക്ക് ഇതാദ്യമായി മനസിലായി. 10 കൊല്ലം ഭരിച്ചത് സിപിഎമ്മാണെങ്കിലും 10 കൊല്ലം പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് ഒരോ ബജറ്റിന്‍റെ സമയത്തും ചര്‍ച്ചയില്‍ മൗനം പാലിച്ചെന്ന് അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ട് മൗനം പാലിച്ചു? അവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നു. എന്‍ഡിഎ ജയിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് മാറിയില്ലേ? തിരുവനന്തപുരത്ത് ജനങ്ങള്‍ എന്‍ഡിഎയെ സ്വീകരിച്ചില്ലേ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു
സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ബിജെപി ഒത്തുതീര്‍പ്പിന് വഴങ്ങിയിട്ടില്ല. സീറ്റ് കിട്ടാത്തവര്‍ക്ക് അതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. വീഴ്ചകള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ്. ഞങ്ങള്‍ പെര്‍ഫെക്ടാണെന്ന് അഭിപ്രായമില്ല. അത് നോക്കിയിട്ട് ഡീലെന്നൊന്നും പറയേണ്ടതില്ല. ട്വന്‍റി ട്വന്‍റി 19 സീറ്റില്‍ മല്‍സരിക്കുമെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സീറ്റ് വിഭജിച്ചതിന് പിന്നില്‍ തന്ത്രങ്ങളുണ്ടെന്നും അത് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ മനസിലാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം വോട്ട് കിട്ടാനുള്ള യുഡിഎഫ് തന്ത്രമാണ് സിപിഎം ബിജെപി ഡീല്‍ എന്ന ആരോപണമെന്നും അദ്ദേഹം തുറന്നടിച്ചു. മലപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന് പറഞ്ഞാല്‍ ലീഗ് സമ്മതിക്കുമോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.