പൂഞ്ഞാറില്‍ ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് മൂന്നാംസ്ഥാനത്തുളള കോണ്‍ഗ്രസിന്‍റെ അവകാശവാദം. വികസനനേട്ടങ്ങള്‍ ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്.
2021 ല്‍ 41851 വോട്ടുമായി രണ്ടാമതെത്തിയ പി.സി. ജോര്‍ജ് ഇപ്രാവശ്യം അല്‍ഭുതം സൃഷ്ടിക്കുമോ. പി.സി. ജോര്‍ജ് ബിജെപിയില്‍ എത്തിയതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2021ല്‍ ബിഡിജെഎസിന് 2965 വോട്ട് മാത്രമാണ് ലഭിച്ചതെങ്കിലും ഇപ്രാവശ്യം പി.സി. ജോര്‍ജും കൂടിയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചു. 24 പഞ്ചായത്ത് അംഗങ്ങളാണ് മണ്ഡലത്തില്‍ ബിജെപിക്കുളളത്. ഇരുപതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടുമെന്ന് പി.സി. ജോര്‍ജ്.
സിറ്റിങ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 16817 വോട്ടിന്‍റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയുണ്ടായി. വോട്ടു കുറയില്ലെന്നും പി.സി. ജോര്‍ജ് നേട്ടമുണ്ടാക്കില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. എം.ജെ. സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞപ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയെങ്കില്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫാണ് ഭരിക്കുന്നത്. 4321 വോട്ടിന്‍റെ ലീഡാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്.