പ്രശസ്ത സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. പാണക്കാടെത്തിയാണ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്‍റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു.

താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. മാരാരുമാര്‍ കൊട്ടുന്ന ചെണ്ട നായന്‍മാര്‍ കൊട്ടിയാല്‍ പ്രശ്നമാണെന്നും കടുത്ത ജാതീയതയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാരാര്‍മാര്‍ പൂരം ബഹിഷ്ക്കരിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ട്. സിഐടിയു യൂണിയന്‍ ശക്തമായ മേഖലയായിട്ടു പോലും ഒന്നും നടന്നില്ലെന്നും ഹരി പറയുന്നു.

അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്ന് താന്‍ തങ്ങളോട് പറഞ്ഞതായും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിനാണെന്ന് തെറ്റിദ്ധരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന്‍. ദലിതനും മുസ്ലിമിനും ക്രിസ്ത്യാനിക്കും കലാരംഗം സ്വീകാര്യമാകണമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

 

 

Njaralath Harigovindan Joins Muslim League, Cites Caste Discrimination:

Njaralath Harigovindan, a renowned Sopana Sangeetham artist, has joined the Muslim League. He cited disillusionment with persistent caste issues in Kerala as a primary reason for his decision.